പെരുവന്താനം മാതൃകാ ഗ്രാമമാക്കി മാറ്റുന്നതിനുള്ള എം.പിയുടെ 2021- 2022 വര്‍ഷത്തെ സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതി (സാഗി) പെരുവന്താനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം. പി. ഉദ്ഘാടനം ചെയ്തു. പെരുവന്താനം പഞ്ചായത്തിനെ ആദര്‍ശ ഗ്രാമമാക്കുക എന്ന ലക്ഷ്യത്തിലേക്ക് ബഹുദൂരം മുന്നോട്ട് പോകുവാന്‍ പഞ്ചായത്തിന് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എം.പി.മാര്‍ ഗ്രാമപഞ്ചായത്തുകള്‍ തെരഞ്ഞെടുക്കുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുടെ സംയോജന സാധ്യതകള്‍ പ്രയോജനപ്പെടുത്തി ദത്തെടുത്ത ഗ്രാമത്തെ മാതൃകാ ഗ്രാമമാക്കി മാറ്റുന്നതിന് വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് സാഗി. 180 ഓളം ദിവസം കൊണ്ട് പഞ്ചായത്തുതല പഠനം നടത്തുകയും പഞ്ചായത്ത് അധികൃതര്‍, എം.പി. ഓഫീസ്, സോഷ്യല്‍ എഞ്ചിനീയറിംഗ് കൂട്ടായ്മയായ വൈബ്രന്റ് കമ്മ്യൂണിറ്റി ആക്ഷന്‍ നെറ്റ്വര്‍ക്ക് (വി ക്യാന്‍ ) എന്നിവ സഹകരിച്ചു കൊണ്ട് വ്യക്തിത്വ വികസനം, മാനവിക വികസനം, സാമൂഹിക വികസനം, സാമ്പത്തിക വികസനം എന്നീ മേഖലകളില്‍ ഇരുപതോളം വ്യത്യസ്ത പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തിരുന്നു. ഈ ശാസ്ത്രീയ പഠനത്തിന്റെയും ബോധവത്കരണ പരിപാടികളുടെയും അടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്ത വികസന പ്രവര്‍ത്തനങ്ങളാണ് ഇനി പഞ്ചായത്തില്‍ നടപ്പിലാക്കുക.

പെരുവന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡൊമിന സജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എന്‍. നൗഷാദ് വാതില്‍പ്പടി സേവനത്തിന്റെയും, ജില്ലാ പഞ്ചായത്തംഗം കെ. ടി. ബിനു പഞ്ചായത്ത് ഡിജിറ്റലൈസേഷന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ മേഖലകളില്‍ കരുത്ത് തെളിയിച്ച പഞ്ചായത്തിലെ വ്യക്തികള്‍, കോവിഡ് പോരാളികള്‍, വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ആര്‍. വിജയന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി പുല്ലാട്ട്, പഞ്ചായത്ത് സെക്രട്ടറി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയപേഴ്‌സണ്‍ ഝാന്‍സി വി., ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലിക്കുട്ടി ജോസഫ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബൈജു ഇ. ആര്‍., വാര്‍ഡ് അംഗങ്ങളായ നിജിനി ഷംസുദ്ദീന്‍, ഗ്രേസി ജോസ്, സിജി ഏബ്രഹാം, എബിന്‍ വര്‍ക്കി, ഷീബ ബിനോയ്, പ്രഭാവതി ബാബു എന്നിവര്‍ ആശംസ അറിയിച്ചു. പഞ്ചായത്ത് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ മനു വി. ജോസഫ്, വ്യാവസായിക വകുപ്പ് ഇന്റേണ്‍ ജോജി ജോസഫ്, വി ക്യാന്‍ സാഗി കോഓര്‍ഡിനേറ്റര്‍ സുഹൈല്‍ വി. എ. എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.