ഖവാലിയും സൂഫിനൃത്തവും മാപ്പിളപ്പാട്ടുകളും തുടങ്ങി സംഗീതസാന്ദ്രമായ പരിപാടികള്‍ക്കാണ് ഓണനാളുകളില്‍ കുറ്റിച്ചിറ സാക്ഷ്യംവഹിക്കുക.
വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി സെപ്റ്റംബര്‍ 9,10,11 തീയതികളില്‍ വൈകീട്ട് കുറ്റിച്ചിറ ഓപ്പണ്‍ സ്റ്റേജിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ആദ്യദിനം മാപ്പിള പാട്ടുകളും രണ്ടാംദിനം ഖവാലിയും സൂഫിനൃത്തവും അവസാന ദിവസം പഴയകാല ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഓള്‍ഡ് ഈസ് ഗോള്‍ഡ് പരിപാടിയുമാണ് നടക്കുക. ഓണാഘോഷത്തിന് വര്‍ണ്ണപ്പൊലിമ ചാര്‍ത്താന്‍ കുറ്റിച്ചിറയിലെ വിവിധ സ്ഥാപനങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയവ ദീപാലങ്കാരം ചെയ്യും. കുറ്റിച്ചിറയുടെ സാസ്‌കാരിക പൈതൃകവും മിഷ്‌കാല്‍ പള്ളിയുടെ ചരിത്രവും ഗുജറാത്തി, ബോറ സമൂഹങ്ങള്‍ തമ്മിലുള്ള ഐക്യവും പ്രതിഫലിക്കുന്ന ഓണാഘോഷമായിരിക്കും കുറ്റിച്ചിറയില്‍ നടക്കുക.

കുറ്റിച്ചിറയില്‍ ഓണാഘോഷം വിപുലമായി സംഘടിപ്പിക്കാന്‍ പ്രാദേശിക കമ്മിറ്റി രൂപീകരിച്ചു. ചെയര്‍മാന്‍ ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ്, കണ്‍വീനര്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ മൊയ്തീന്‍ കോയ, കോഡിനേറ്റര്‍ പി.ടി ആസാദ്, ട്രഷറര്‍ ഷര്‍ഷാദ് അലി എന്നിവരെ തിരഞ്ഞെടുത്തു. സംഘാടകസമിതി രൂപീകരണയോഗം കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. മേലടി നാരായണന്‍, പി മുഹമ്മദ് കോയ തുടങ്ങിയവര്‍ സംബന്ധിച്ചു.