‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ പദ്ധതിയുടെ ഭാഗമായി കക്കോടി ഗ്രാമപഞ്ചായത്തില്‍ ലോണ്‍-ലൈസന്‍സ്‌-സബ്‌സിഡി മേള സംഘടിപ്പിച്ചു. സബ് കലക്ടര്‍ വി. ചെല്‍സാസിനി പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷീബ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു പി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി.

82 ലക്ഷം രൂപയുടെ 21 ലോണുകളും സംരംഭത്തിന് ആവശ്യമായ വിവിധ ലൈസന്‍സുകളും മേളയില്‍ വിതരണം ചെയ്തു. വിവിധ വകുപ്പുകളുടെ സബ്‌സിഡി പദ്ധതികളുടെ വിശദീകരണവും നടന്നു. സംരംഭകരും കച്ചവടക്കാരും ഉള്‍പ്പെടെ 161 പേരാണ് പങ്കെടുത്തത്. വ്യവസായം, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ഖാദി ബോര്‍ഡ്, വനിതാ വികസന കോര്‍പ്പറേഷന്‍, ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍, പിന്നോക്ക വികസന കോര്‍പ്പറേഷന്‍, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, നോര്‍ക്ക, കുടുംബശ്രീ തുടങ്ങിയ വകുപ്പുകളുടെ കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. വിവിധ ബാങ്കുകളുടെ സേവനവും മേളയില്‍ ഒരുക്കി.

ചടങ്ങില്‍ വൈസ് പ്രസിഡണ്ട് ടി.ടി വിനോദ്, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ താഴത്തയില്‍ ജുമൈലത്ത്, കൈതമോളി മോഹനന്‍, പുനത്തില്‍ മല്ലിക, ജില്ലാ വ്യവസായ കേന്ദ്രം ഇ.ഐ മാനേജര്‍ വി.കെ ശ്രീജന്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മിനിജ കെ. കെ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി യു.കെ രാജന്‍ സ്വാഗതവും ചേളന്നൂര്‍ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എം സല്‍ന നന്ദിയും പറഞ്ഞു.