വനിതാ-ശിശു വകുപ്പ് ജില്ലാതല ഐ.സി.ഡി.എസ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ പോഷണ്‍ അഭിയാന്‍ പദ്ധതിയോടനുബന്ധിച്ച് സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ പോഷണ്‍ മാ ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ന്യൂട്രീഷന്‍ കമ്മിറ്റി ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും നിലവിലുള്ള പോഷണ സൂചകങ്ങള്‍ എന്ന വിഷയത്തില്‍ നടത്തിയ സെമിനാറിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി കലക്ടര്‍ വി.ഇ. അബ്ബാസ് നിര്‍വഹിച്ചു. സംസ്ഥാന തലത്തില്‍ പ്രത്യേക ശ്രദ്ധയുള്ള അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കുറയ്ക്കുന്നതിനും ആദിവാസി മേഖലകളിലെ കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തി ജില്ലയില്‍ ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍ പോഷന്‍ അഭിയാന്‍-പോഷന്‍ മാ പദ്ധതിയിലൂടെ കഴിയണമെന്നും ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു.

2018 മുതലാണ് പദ്ധതി ആരംഭിച്ചത്. ആറു വയസില്‍ താഴെയുള്ള കുട്ടികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍, പാലൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ പോഷണ നിലവാരം ഉയര്‍ത്തുക എന്നിവയാണ് ലക്ഷ്യം. പാലക്കാട് ജില്ലയില്‍ 21 പ്രൊജക്ടുകളിലായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പോഷണ പരിപാടികളും തുടര്‍പ്രവര്‍ത്തനങ്ങള്‍ അംഗന്‍വാടി മുഖേനെയും നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.

ഡി.ആര്‍.ഡി.എ. ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ വനിതാ ശിശു വികസന വകുപ്പ് സി.ആര്‍. ലത, വനിത ശിശു വികസന വകുപ്പ് സീനിയര്‍ സൂപ്രണ്ട് എം. സന്തോഷ് ബാബു, ജില്ലാ ലേബര്‍ ഓഫീസര്‍ കെ.എം. സുനില്‍, ജില്ലാ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാബു, ജില്ലാ അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ലക്ഷ്മി ദേവി, ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, ശിശു സംരക്ഷണം, ശുചിത്വ മിഷന്‍ ട്രൈബല്‍ ഡെവലപ്‌മെന്റ്, കുടുംബശ്രീ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഐ.സി.ഡി.എസ്, അംഗന്‍വാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.