ജില്ലയില്‍ സമൃദ്ധിയുടെ ഓണമൊരുക്കാന്‍ കൃഷി വകുപ്പിന്റെ 37 ഓണച്ചന്തകള്‍ ഒരുങ്ങുന്നു. ഓണത്തിന് പൊതുവിപണിയിലെ പച്ചക്കറികളുടെ വില നിയന്ത്രിക്കുന്നതിനും വിഷരഹിത നാടന്‍ പച്ചക്കറികള്‍ ലഭ്യമാക്കുന്നതിനുമാണ് കൃഷി വകുപ്പും അനുബന്ധ സ്ഥാപനങ്ങളും ചേര്‍ന്ന് ഓണച്ചന്തകള്‍ തുറക്കുന്നത്. കൃഷി വകുപ്പിന്റെ 37 ഓണച്ചന്തകളും ഹോര്‍ട്ടി കോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ 5 വീതം ഓണച്ചന്തകളും എല്ലാ പഞ്ചായത്തുകളിലുമായി സെപ്തംബര്‍ 4 മുതല്‍ 7 വരെ പ്രവര്‍ത്തിക്കും. വിപണി സംഭരണ വിലയേക്കാള്‍ 10 ശതമാനം അധിക തുക നല്‍കി കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ സംഭരിച്ച് വിപണി വിലയേക്കാള്‍ 30 ശതമാനം വിലക്കുറവിലാണ് ഓണ ചന്തകളിലൂടെ വില്‍പ്പന നടത്തുക. പ്രാദേശികമായി കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഓരോ വിപണിയിലും സംഭരിക്കും. പ്രാദേശികമായി ലഭ്യമല്ലാത്ത പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പില്‍ നിന്നും സംഭരിച്ച് വിതരണം ചെയ്യും.
കല്‍പ്പറ്റ ബ്ലോക്കില്‍ ധനലക്ഷ്മി ബാങ്കിന്റെ എതിര്‍വശം, മുട്ടില്‍ ബസ് ബേ, മുണ്ടേരി, ചുണ്ടേല്‍ ബസ് സ്റ്റാന്റ്, കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ്, വെണ്ണിയോട്, കല്‍പ്പറ്റ, വടുവഞ്ചാല്‍, മേപ്പാടി, വൈത്തിരി, പടിഞ്ഞാറത്തറ, പൊഴുതന, പിണങ്ങോട്, കാവുമന്ദം എന്നീ ടൗണുകളിലുമായി 14 ചന്തകള്‍ പ്രവര്‍ത്തിക്കും. സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ അമ്മായിപ്പാലം മാര്‍ക്കറ്റ്, അമ്പലവയല്‍, സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈതാനി, മീനങ്ങാടി ഓപ്പണ്‍ സ്റ്റേജ്, അമ്പലവയല്‍ ചീങ്ങേരി എക്സ്റ്റന്‍ഷന്‍ സ്‌കീം, സുല്‍ത്താന്‍ ബത്തേരി ടൗണ്‍, മൂലങ്കാവ്, കോളിയാടി എന്നിവിടങ്ങളിലായി 8 ചന്തകള്‍ പ്രവര്‍ത്തിക്കും. പനമരം ബ്ലോക്കില്‍ മില്ലുമുക്ക്, പനമരം പാലം, പനമരം പഞ്ചായത്ത് ബില്‍ഡിംഗ്, മുളളന്‍കൊല്ലി, പുല്‍പ്പള്ളി, കേണിച്ചിറ, കണിയാമ്പറ്റ എന്നീ ടൗണുകളിലുമായി 7 ചന്തകളും പ്രവര്‍ത്തിക്കും. മാനന്തവാടി ബ്ലോക്കില്‍ മാനന്തവാടി, ട്രൈസം ഹാള്‍, തവിഞ്ഞാല്‍, കാട്ടിക്കുളം ബസ് സ്റ്റാന്‍ഡ്, മാനന്തവാടി മീന്‍ചന്ത, മക്കിയാട്, കല്ലോടി, എട്ടേനാല് എന്നീ ടൗണുകളിലുമായി 8 ചന്തകളുമാണ് പ്രവര്‍ത്തിക്കുക.