ബത്തേരി ബ്ലോക്ക്തല ആരോഗ്യമേള അമ്പലവയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നാളെ (ശനി) രാവിലെ 10 ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തും ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ ദൗത്യംവും വയനാട് മെഡിക്കല്‍ കോളേജും സംയുക്തമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ആരോഗ്യമേള സംഘടിപ്പിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസ്സൈനാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ ആരോഗ്യ വകുപ്പ് മേധാവി (ആരോഗ്യം) ഡോ. കെ. സക്കീന മുഖ്യ അതിഥിയാകും. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി വിഷയാവതരണം നടത്തും. ആരോഗ്യ മേളയോടനുബന്ധിച്ച് അമ്പലവയല്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ഉദ്ഘാടനവേദിയിലേക്കുള്ള വിളംബര ജാഥ രാവിലെ 9 ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
ദന്തരോഗ വിഭാഗം, നേത്ര രോഗ വിഭാഗം, ത്വക്ക് രോഗ വിഭാഗം, ശ്വാസകോശ രോഗ നിര്‍ണ്ണയ ക്യാമ്പ്, ഹോമിയോ, ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പുകള്‍, എന്‍.സി.ഡി (ജീവിത ശൈലി രോഗങ്ങള്‍) സ്‌ക്രീനിങ്, പാലിയേറ്റീവ് പ്രദര്‍ശന-വിപണന സ്റ്റാളുകള്‍, എക്‌സൈസ്-ലഹരി വിരുദ്ധ ബോധവല്‍ക്കരണ സ്റ്റാള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ സ്റ്റാള്‍, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍, പോഷകാഹാരവുമായി ബന്ധപ്പെട്ട് ഐ.സി.ഡി.എസ്, കുടുംബശ്രീ സ്റ്റാള്‍, വിനായക നഴ്‌സിംഗ് കോളേജ്, ഭക്ഷ്യ സുരക്ഷ, പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ്, സിക്കിള്‍ സെല്‍ രോഗ നിര്‍ണ്ണയം, അക്ഷയ സെന്റര്‍, കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി കിയോസ്‌ക് എന്നിവ മേളയില്‍ സ്റ്റാളൊരുക്കും. ആരോഗ്യകരമായ ഭക്ഷണശീലത്തെക്കുറിച്ച് ക്ലാസ്, ഇതര ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍, മാജിക് ഷോ, നൃത്തം, നാടന്‍ പാട്ട് തുടങ്ങി വിവിധ കലാപരിപാടികളും നടക്കും.
