*കുടുംബശ്രീ ഫുഡ്‌ കോർട്ടിൽ നിന്ന്  കപ്പയും മീൻകറിയും കഴിച്ച് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു 

യാതൊരു മായവുമില്ലാത്ത ഭക്ഷണം വിശ്വസനീയമായി കനകക്കുന്നിലെ ഫുഡ്‌ കോർട്ടുകളിൽ നിന്ന് കഴിക്കാമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. വ്യത്യസ്ത രുചി ഭേദങ്ങളുമായി കനകക്കുന്നിൽ തയ്യാറാക്കിയ  ഫുഡ് കോർട്ടുകളുടെ ഉദ്ഘാടനം  നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി .ജി. സ്റ്റീഫൻ എം. എൽ. എ അധ്യക്ഷത വഹിച്ചു. ഭക്ഷ്യമേളയാണ് ഓണാഘോഷ  പരിപാടികളുടെ മുഖ്യ ആകർഷണമെന്ന്   മന്ത്രി പറഞ്ഞു. കുടുംബശ്രീ സംരംഭകർക്ക് നല്ല  വിപണന സാധ്യതയും ഇവിടെയെത്തുന്ന  ടൂറിസ്റ്റുകൾക്ക് ഒരു പുത്തൻ  അനുഭവവും ലഭ്യമാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

തുളുനാടൻ ദം ബിരിയാണി ,  വിവിധതരം  പുട്ടുകൾ, ഫിഷ് മീൽ, കപ്പ വിഭവങ്ങൾ, തലക്കറി മുതൽ പായസം വരെ ഫുഡ് കോർട്ടുകളിൽ തയ്യാറാണ്. കുടുംബശ്രീയും മറ്റു സ്വകാര്യ സംരംഭകരുമാണ്  അമരക്കാർ. വർഷങ്ങളുടെ പരിചയസമ്പത്തുമായി സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നുമെത്തിയ സംരംഭകർ  ഓണത്തെ കേവലം സദ്യയിൽ ഒതുക്കാതെ രുചി വൈവിധ്യങ്ങളിലേക്ക് നയിക്കുകയാണ്.