ഓണത്തോട് അനുബന്ധിച്ച് ജില്ലാ ക്ഷീര വികസനവകുപ്പ് ഗുണനിയന്ത്രണ വിഭാഗത്തിന്റെ ഊര്‍ജ്ജിത പാല്‍ പരിശോധനയ്ക്കും ഇന്‍ഫര്‍മേഷന്‍ സെന്ററിനും തുടക്കം. വകുപ്പ് ജില്ലാ ആസ്ഥാനത്ത് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

പാലിന്റെ ശുദ്ധത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പി കെ ഡേവീസ് മാസ്റ്റര്‍ പറഞ്ഞു. പാല്‍ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കേണ്ടതുണ്ട്. പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ തലത്തിലും വകുപ്പ് തലത്തിലും ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലയിലെ ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിനായി ഒന്നേകാല്‍ കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. വിവിധ ക്ഷീര സഹകരണ സംഘങ്ങളുടെ ആവശ്യപ്രകാരം അവരുടെ പാലും പാല്‍ ഉത്പന്നങ്ങളും വിറ്റഴിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രധാന സ്ഥലങ്ങളില്‍ ഔട്ട്ലെറ്റ് തുടങ്ങുന്നത് പരിഗണിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വകുപ്പിന്റെ നേതൃത്വത്തില്‍ നവീകരിച്ച
ജില്ലാ ഗുണനിയന്ത്രണ ലാബിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.

ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയപേഴ്‌സണ്‍ കെ എസ് ജയ, ജില്ലാ ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ വി ശ്രീജ, മാള ഡിഇഒ ജ്യൂണി ജോസ് റോഡ്‌റിഗ്‌സ്, കെസിഎംഎംഎഫ് അംഗം ഭാസ്‌കരന്‍ ആദംകാവില്‍, ക്ഷീര സഹകരണ സംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

*ഗുണനിയന്ത്രണ ലാബ് നവീകരിച്ചു

ഓണക്കാലത്ത് ഊര്‍ജ്ജിത പാല്‍ പരിശോധനയുമായി ജില്ലാ ക്ഷീര വികസന വകുപ്പ്. വകുപ്പിന്റെ നേതൃത്വത്തില്‍ നവീകരിച്ച ജില്ലാ ഗുണനിയന്ത്രണ ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ചെമ്പുകാവിലുള്ള മിനി സിവില്‍ സ്റ്റേഷനിലെ ഒന്നാമത്തെ നിലയിലാണ് ജില്ലാ ക്ഷീര വികസന വകുപ്പിന്റെ ലാബ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ലാബിനോട് അനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ സെന്ററും വകുപ്പ് ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങളില്‍ പാലിന്റെ ശുദ്ധത സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയും ഓണക്കാലത്ത് വിറ്റഴിക്കുന്ന പാലിന്റെ ഗുണമേന്മ ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. വിപണിയില്‍ ലഭ്യമാകുന്ന ഓരോ ബ്രാന്‍ഡ് പാലിന്റെയും ഗുണനിലവാരം സൗജന്യമായി പരിശോധിച്ചറിയാനും സംശയനിവാരണം നടത്തുന്നതിനും സാധിക്കും.

പാല്‍ സാമ്പിളുകള്‍, കര്‍ഷകര്‍ നല്‍കുന്ന പാല്‍ സാമ്പിള്‍, ക്ഷീര സഹകരണ സംഘത്തിന്റെ പാല്‍ സാമ്പിള്‍, പൊതുജനങ്ങള്‍ കൊണ്ടുവരുന്ന പാല്‍ സാമ്പിള്‍, പാക്കറ്റ് പാല്‍ സാമ്പിള്‍ എന്നിവ ലാബില്‍ പരിശോധിക്കും. ഊര്‍ജ്ജിത പാല്‍ പരിശോധന ഈ മാസം 7 വരെയാണ്. രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെയാണ് പരിശോധന. രണ്ട് ഷിഫ്റ്റ്‌റുകളില്‍ ആയി 8 ജീവനക്കാരുണ്ട്. പൊതുജനങ്ങള്‍ക്ക് നേരിട്ട് ലാബില്‍ എത്തി പാല്‍ സാമ്പിള്‍ നല്‍കാനും സാധിക്കും. ഓണക്കാലത്തിന് ശേഷവും പരിശോധന തുടരും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0487 2322845