വോട്ടര്‍പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്ന യജ്ഞവുമായി ബന്ധപ്പെട്ട് മലക്കപ്പാറയില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. അതിരപ്പിള്ളി വില്ലേജിലെ പട്ടികവര്‍ഗ വിഭാഗങ്ങള്‍ ക്യാമ്പിന്റെ ഭാഗമായി. ഇലക്ഷന്‍ വിഭാഗത്തില്‍ നിന്നുള്ള ടീം ഊരില്‍ നേരിട്ട് എത്തി വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ഉപയോഗിച്ചാണ് വോട്ടര്‍പട്ടിക ആധാറുമായി ബന്ധിപ്പിച്ചത്. ചാലക്കുടി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന 152 വോട്ടര്‍മാര്‍ യജ്ഞത്തില്‍ പങ്കാളികളായി.

മലക്കപ്പാറ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം സി ജ്യോതി, ചാലക്കുടി തഹസില്‍ദാര്‍ (എല്‍ആര്‍) എന്‍ അശോക് കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ (ഇലക്ഷന്‍) എം ശ്രീനിവാസ്, അതിരപ്പിള്ളി വില്ലേജ് ഓഫീസര്‍ കെ സി രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ, താലൂക്ക് ഇലക്ഷന്‍ വിഭാഗത്തിലെ ജീവനക്കാരും ബൂത്ത് ലെവല്‍ ഓഫീസര്‍മാരും ക്യാമ്പിന്റെ ഭാഗമായി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ഓണക്കോടിയും നല്‍കിയാണ് ഇലക്ഷന്‍ വിഭാഗത്തിലെ ടീം ഊരില്‍ നിന്ന് മടങ്ങിയത്.

ഇരട്ടിപ്പ് ഒഴിവാക്കി വോട്ടര്‍പട്ടിക ശുദ്ധീകരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് യജ്ഞം നടപ്പിലാക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് എല്ലാ താലൂക്കുകളിലും വില്ലേജ് ഓഫീസുകളിലും ഒരുക്കിയിട്ടുള്ള ഹെല്‍പ്പ് ഡെസ്‌ക്കില്‍ ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പറും ആധാര്‍ നമ്പറും നല്‍കി അവ പരസ്പരം ബന്ധിപ്പിക്കാം. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ട് വീടുകളിലെത്തിയും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

വോട്ടര്‍പട്ടിക പുതുക്കല്‍, ഇരട്ടിക്കല്‍ ഒഴിവാക്കല്‍, വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കല്‍, കള്ളവോട്ട് തടയല്‍ എന്നീ ലക്ഷ്യങ്ങളോടെയാണ് വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്നത്. ബൂത്ത് ലെവല്‍ ഓഫീസറുമായി ബന്ധപ്പെട്ടോ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ്, നാഷ്ണല്‍ വോട്ടേഴ്‌സ് സര്‍വീസസ് പോര്‍ട്ടല്‍ (https://www.nvsp.in/) എന്നിവ വഴിയോ പൊതുജനങ്ങള്‍ക്ക് ഈ യജ്ഞത്തില്‍ പങ്കാളികളാകാം.

യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ താലൂക്ക്-വില്ലേജ് ഓഫീസുകളിലും പ്രത്യേക ക്യാമ്പ് ഇന്ന് (സെപ്റ്റംബര്‍ 3) മുതല്‍ ആരംഭിച്ചിട്ടുണ്ട്. 04, 17, 18, 24, 25 തീയതികളിലായി ക്യാമ്പ് നടക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു.