കുംഭകുലുക്കി ഓണത്തിന്റെ വരവറിയിച്ച് തിരുവനന്തപുരം നഗരത്തെ കീഴടക്കി പുലികള്‍. മഞ്ഞയും ഓറഞ്ചും കറുപ്പും കലര്‍ന്ന നിറങ്ങളില്‍ പുലിമുഖത്തിന്റെ രൗദ്രത. അരമണി കിലുക്കത്തിനൊപ്പം ചുവട് വച്ച് പതിയെ മേളപ്പെരുക്കത്തിനൊപ്പം കൊട്ടിക്കയറിയ പകര്‍ന്നാട്ടം. വെറും പുലികളല്ല തൃശൂരില്‍ നിന്നറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ പുലികള്‍. ഓണം വാരാഘോഷത്തിന്റെ വിളംബര ജാഥയുടെ ഭാഗമായി കനകക്കുന്നില്‍ നിന്നാരംഭിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോന്ത് ചുറ്റിയ പുലികളെ കാണാന്‍ നൂറ് കണക്കിനാളുകള്‍ ഒത്തുചേര്‍ന്നു. ആദ്യമായാണ് തൃശൂരിലെ പുലികള്‍ തിരുവനന്തപുരത്തെ ഔദ്യോഗിക ഓണാഘോഷത്തിന്റെ ഭാഗമാകുന്നത്. രാവിലെ 10 ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനിൽ വിളംബരജാഥ ഉദ്ഘാനം ചെയ്തു. മന്ത്രി ചെണ്ടയില്‍ താളം തീര്‍ത്തപ്പോള്‍ അതിനൊപ്പം പുലികള്‍ ചുവട് വച്ചതോടെ പുലികളി കൂടിച്ചേരലുകളുടെ നേര്‍സാക്ഷ്യം കൂടിയായി. പുലികള്‍ക്കൊപ്പം ചുവടു വച്ച് വി.കെ പ്രശാന്ത് എം.എല്‍.എയും ചേര്‍ന്നതോടെ ആഘോഷങ്ങള്‍ വേറെ ലെവല്‍.

കനകക്കുന്നിലെ ഉദ്ഘാടനത്തിന് ശേഷം പുലികള്‍ എത്തിയത് സെക്രട്ടറിയറ്റ് പരിസരത്തേക്ക്. അപ്രതീക്ഷിതമായി പുലിസംഘത്തെ കണ്ടതിന്റെ അമ്പരപ്പിലും ആവേശത്തിലുമായി സെക്രട്ടറിയറ്റും പരിസരവും. എജീസ് ഓഫീസ് മുതല്‍ സെക്രട്ടറിയറ്റ് മുറ്റം വരെ പുലികള്‍ തകര്‍ത്താടി. പുലികളെ നേരിട്ട് കാണാനും സെല്‍ഫിയെടുക്കാനുമായി കുട്ടികളടക്കം നിരവധി പേര്‍ ഒത്തുകൂടി. തുടര്‍ന്ന് കിഴക്കേക്കോട്ട ഓവര്‍ബ്രിഡ്ജ് പരിസരത്തേക്ക്. അവിടെയും പുലികളുടെ രൗദ്രത ആസ്വദിക്കാന്‍ നൂറ്കണക്കിന് പേര്‍ തടിച്ചുകൂടി. കിഴക്കേകോട്ടയില്‍ ഓണാവേശം തീര്‍ത്ത് മടങ്ങിയ പുലികളുടെ അടുത്ത കേന്ദ്രം പേരൂര്‍ക്കടയായിരുന്നു. പ്രായഭേദമെന്യേ പുലികളുടെ ചുവടുകള്‍ ആസ്വദിക്കാന്‍ അവിടെയും വന്‍ ജനപങ്കാളിത്തമായിരുന്നു. തുടര്‍ന്ന് കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനിലേക്ക്. ജീവനക്കാരുടെ സാന്നിധ്യത്തില്‍ പുലികള്‍ തകര്‍ത്താടിയപ്പോള്‍ സാക്ഷിയായി താളം പിടിച്ച് കളക്ടര്‍ ജെറോമിക് ജോര്‍ജ്ജും ചേര്‍ന്നു. അവിടെ നിന്ന് പിരിഞ്ഞ പുലികള്‍ വൈകിട്ട് നാലോടെ നെടുമങ്ങാട്ടേക്ക്. മന്ത്രി ജി. ആര്‍ അനിലിന്റെ നേതൃത്വത്തില്‍ വന്‍ജനപങ്കാളിത്തത്തോടെ നെടുമങ്ങാടും പുലികളെ വരവേറ്റു. തുടര്‍ന്ന് വി.കെ പ്രശാന്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ വട്ടിയൂര്‍ക്കാവിലും ശാസ്തമംഗലത്തും പുലികള്‍ ആടിത്തിമര്‍ത്തു. വിളംബരജാഥയുടെ കലാശച്ചുവടുകളുമായി സന്ധ്യയോടെ വീണ്ടും കനകക്കുന്നിലേക്ക്. ദീപാലംകൃതമായ കനകക്കുന്നിന്റെ സൗന്ദര്യം ഇരട്ടിപ്പിക്കുന്നതായി പുലികളുടെ ചുവട് വെയ്പ്പ്. വാരാഘോഷത്തിൻ്റെ പതാക ഉയർത്തൽ ചടങ്ങിനായി കനകക്കുന്ന് കൊട്ടാര മുറ്റത്തെത്തിയ മന്ത്രി പി. എ മുഹമ്മദ് റിയാസിൻ്റെ സാന്നിധ്യത്തിൽ തകർത്താടിയ പുലികളെ കാണാൻ വലിയ തിരക്കായിരുന്നു.

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആസ്വാദകരായപ്പോള്‍, നല്ല തൃശൂര്‍ ഭാഷയില്‍ തിരുവനന്തപുരത്തിനോടുള്ള സ്നേഹം പങ്കുവയ്ക്കാനും പുലികള്‍ മറന്നില്ല. തിരുവനന്തപുരത്തുകാര്‍ തങ്ങള്‍ക്ക് എല്ലാവിധ പ്രോത്സാഹനവും സഹകരണവും നല്‍കിയെന്ന് പുലികള്‍ പറഞ്ഞു. തൃശൂര്‍ സ്വരാജ് ഗ്രൗണ്ടില്‍ സ്ഥിരമായി പുലികളി നടത്തുന്ന സതീഷ് നെടുമ്പുരയുടെ നേൃത്വത്തിലുള്ള പന്ത്രണ്ടംഗ സംഘമാണ് തലസ്ഥാനത്ത് പുലികളിക്ക് എത്തിയത്.