കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍  നിര്‍മാണം പൂര്‍ത്തീകരിച്ച പഠനമുറികള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് കൈമാറി. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗക്കാരായ ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്കാണ് പഠനമുറി സജ്ജമാക്കിയത്. ഗുണഭോക്താക്കളായ 40 വിദ്യാര്‍ത്ഥിനികള്‍ക്ക് 80 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന താക്കോല്‍ദാന പരിപാടിയുടെ ഉദ്ഘാടനം കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ് നിര്‍വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. സജിത അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.എ. ഇന്ദിര, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. സിദ്ധിഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി. സോമദാസന്‍, രാജേഷ്‌കുമാര്‍, കെ. കുഞ്ഞിലക്ഷ്മി, ലക്ഷ്മിദേവി, സി. സുബ്രഹ്മണ്യന്‍, പട്ടികജാതി വികസന ഓഫീസര്‍ കെ. സുന്ദരന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.