പൊതുമൈതാനങ്ങൾ താഴിട്ട് അടച്ചുവെക്കരുതെന്ന് ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ചേലോറ ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ട് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായികക്ഷമത ഉറപ്പാക്കാൻ കളിസ്ഥലങ്ങൾ ആവശ്യമാണ്. എന്നാൽ പലയിടത്തും പൊതുമൈതാനങ്ങൾ താഴിട്ട് അടച്ച് വെക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉടൻ സർക്കുലർ പുറത്തിറക്കും. കേരളത്തിൽ 14 ജില്ലാ സ്റ്റേഡിയങ്ങളുടെ പ്രവൃത്തി നടക്കുന്നുണ്ട്. ഇതോടൊപ്പം കണ്ണൂർ ജില്ലയിലും വലിയൊരു സ്റ്റേഡിയം ആവശ്യമാണ്. ഇത് അനുവദിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി, ധർമടം എന്നിവിടങ്ങളിൽ മികച്ച കളിക്കളങ്ങളാണ് ഒരുക്കിയതെന്നും മന്ത്രി പറഞ്ഞു.
കായികം പ്രത്യേകമായി സ്‌കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്നുണ്ട്. ഇത് ആദ്യഘട്ടത്തിൽ പ്രൈമറി തലത്തിൽ നടപ്പാക്കും. തുടർന്ന് ഹൈസ്‌കൂളുകളിലും പഠന വിഷയമാക്കും. സ്‌കൂൾ കളിക്കളങ്ങൾ ഉപയോഗിക്കുമ്പോൾ സ്‌കൂൾ കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിക്കുന്നുണ്ട്. അതിന് പരിഹാരമായി എം എൽ എ ചെയർമാനായ പ്രത്യേക കമ്മറ്റി രൂപീകരിക്കണം. സ്‌കൂൾ സമയം കഴിഞ്ഞും മൈതാനം ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിൽ നിയമ ഭേദഗതിക്ക് ശ്രമിക്കുന്നുണ്ട്. അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്ബോളും 5000 പേർക്ക് അത്ലറ്റിക്‌സിലും പരിശീലനം നൽകാൻ കായിക വകുപ്പ് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇത് താഴെ തട്ടിലെത്താൻ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും സ്പോർട്സ് കൗൺസിലുകൾ രൂപീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ചേലോറ ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ട് നവീകരണ പ്രവൃത്തിക്കായി ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. മഡ് ഫുട്ബോൾ കോർട്ട്, സിന്തറ്റിക് ലോങ്ങ് ജമ്പ് പിറ്റ്, ഫെൻസിംഗ്, വൈദ്യുതീകരണം എന്നിവയാണ് നവീകരണത്തിന്റെ ഭാഗമായി ഒരുക്കുക. പ്രവൃത്തി ആറ് മാസം കൊണ്ട് പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. 
സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു.