കമ്പോള താത്പര്യങ്ങള്‍ക്കനുസരിച്ച് ഓണം തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന കാലമാണിതെന്നും ചരിത്രത്തില്‍ ചവിട്ടിത്താഴ്ത്തപ്പെട്ടവരൊക്കെ തിരിച്ചുവരും എന്ന ഓര്‍മ്മപ്പെടുത്തലാണ് ഓണം എന്നും പ്രശസ്ത സാഹിത്യകാരന് വൈശാഖന് പറഞ്ഞു. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയും അഹല്യ സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം 2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ ആചാര അനുഷ്ഠാനം കൂടാതെ ആഘോഷങ്ങള്‍ ഉണ്ട്. ആചാരങ്ങള്‍ പിന്നിലേക്ക് വലിച്ചുകൊണ്ടുപോകുന്നു. ആഘോഷങ്ങള്‍ അങ്ങനെയല്ല അവ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നു. ഇതുവരെ മനസിലാക്കിയ ആശയങ്ങളില്‍ നിന്ന് വ്യത്യസ്തമായി സാംസ്കാരിക പരിണാമമായ കൂട്ടായ്മയാണ് സാമൂഹിക വികസനത്തിന് സഹായിച്ചിട്ടുള്ളത് എന്നതാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. മനുഷ്യനെക്കുറിച്ച് പ്രതീക്ഷകള്‍ നശിക്കുന്ന ഒരു കാലത്താണ് നമ്മള് ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ കലക്ടറും പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി ചെയര്‍പേഴ്സണും ആയ മൃണ്മയി ജോഷി അധ്യക്ഷയായി. യുവാക്കളില്‍ ലൈബ്രറിയും വായനയും ഉയര്‍ത്തുന്ന സാമൂഹികബോധം മൂല്യവത്താണെന്നും ഇത്തരം ആഘോഷങ്ങള്‍ ഒരുമയുടെ വലിയ മാതൃകകളാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത്, അഹല്യ സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി പ്രിന്‍സിപ്പാള്‍ ഡോ: പി.ആര്. ശ്രീമഹാദേവന് പിള്ള, അഡ്വ: സി.പി. പ്രമോദ്, പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആര്. അജയന്, വി. അരുണ്‍കുമാര്‍ പങ്കെടുത്തു.
ശേഷം നടന്ന കാവ്യസദസില്‍ ടി.ആര്. അജയന് അധ്യക്ഷനായി. ഡോ: പി.ആര്. ശ്രീമഹാദേവന് പിള്ള മുഖ്യപ്രഭാഷണം നടത്തി. ഡോ: പി.ജി. പാര്‍വതി വാര്യര്‍, ഡോ: എസ്. ശ്രീനാഥന്‍, ഡോ: സുനിത ഗണേഷ്, മുരളി എസ്. കുമാര്‍, അബ്ദുള്‍ ഷുക്കൂര്‍, പ്രൊഫ: സി. ഗിരിജ, സുഗുണ സന്തോഷ്, ജമീല്‍ കുമാര്‍, കെ. ജയചന്ദ്ര കുമാര്‍, കവിതാരചനയില്‍ പങ്കെടുത്ത കുട്ടികള്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഓണപ്പൂക്കളം, ഓണക്കളികള്‍, കവിതാരചനാ മത്സരം, ഗാനാലാപനങ്ങള്, നൃത്തനൃത്യങ്ങള്‍ എന്നിവയും അരങ്ങേറി.
ചവിട്ടിത്താഴ്ത്തപ്പെട്ടവരൊക്കെ തിരിച്ചുവരും എന്ന ഓര്‍മ്മപ്പെടുത്തലാണ് ഓണം: വൈശാഖന്
Home /ജില്ലാ വാർത്തകൾ/പാലക്കാട്/ചവിട്ടിത്താഴ്ത്തപ്പെട്ടവരൊക്കെ തിരിച്ചുവരും എന്ന ഓര്‍മ്മപ്പെടുത്തലാണ് ഓണം: വൈശാഖന്