പൊഴുതനയിലെ പച്ചത്തുരുത്ത് ഇനി ഹരിത ഉദ്യാനം. അച്ചൂരിലെ ഒരേക്കര്‍ സ്ഥലത്തുളള പച്ചതുരുത്തിനെയാണ് സഞ്ചാരികള്‍ക്കായി ഹരിത ഉദ്യാനമാക്കി മാറ്റുന്നത്. പൊഴുതന ഗ്രാമപഞ്ചായത്ത്, ഹരിത കേരള മിഷന്‍ എന്നിവര്‍ കൈകോര്‍ത്താണ് പച്ചത്തുരുത്തിനെ ജൈവപാര്‍ക്കാക്കി മാറ്റുന്നത്. പച്ചത്തുരുതിന് സമീപത്തുള്ള നീരുറവയും കുളവും നവീകരിച്ച് മുളകൊണ്ടുള്ള ഇരിപ്പിടങ്ങളും പാലങ്ങളും നിര്‍മ്മിക്കും. ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി ഇവിടെ ടോയ്‌ലറ്റ് സൗകര്യം നേരത്തെ തന്നെ ഒരുക്കിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
ജില്ലയില്‍ മികച്ച രീതിയില്‍ പരിപാലിച്ചു പോകുന്ന പച്ച തുരുത്തുകളില്‍ ഒന്നാണിത്. വിവിധ തരത്തിലുളള 250 ഓളം ഫലവൃക്ഷ തൈകളാണ് ഇവിടെ വളരുന്നത്. 2019 വരെ പഞ്ചായത്തിലെ പ്രധാന മാലിന്യനിക്ഷേപ കേന്ദ്രമായിരുന്ന ഇവിടം. ഇതിലൂടെ ഒഴുകുന്ന തോട് വഴി അച്ചൂര്‍ പുഴയിലേക്കും മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നത് പതിവായിരുന്നു. മാലിന്യ പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്നാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രദേശം ശുചീകരിച്ച് പച്ചത്തുരുത്താക്കി മാറ്റിയത്.
ബാണാസുര സാഗര്‍ ഡാം, പൂക്കോട് തടാകം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രധാന റോഡിന്റെ സമീപത്താണ് പൊഴുതന പച്ചത്തുരുത്ത് സ്ഥിതി ചെയ്യുന്നത്. ദിനംപ്രതി നൂറ് കണക്കിന് സഞ്ചാരികള്‍ ഉതുവഴി കടന്ന് പോകുന്നു. ഇവരെയെല്ലാം ആകര്‍ഷിക്കുന്ന വിധത്തിലാണ് ജൈവ പാര്‍ക്കിന്റെ നിര്‍മ്മാണം. സഞ്ചാരികള്‍ക്ക് ഇടത്താവളമായി വിശ്രമിക്കാനും ഈ പാര്‍ക്ക് ഉപകരിക്കും.
പച്ചത്തുരുത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ ജനകീയ പങ്കാളിത്തതോടെ നടത്താന്‍ പഞ്ചായത്ത്തല യോഗം ചേര്‍ന്നു. യോഗത്തില്‍ പച്ചത്തുരുത്ത് തുടര്‍ പരിപാലനത്തിനും സംരക്ഷണത്തിനുമായി പ്രത്യേകം സമിതി രൂപീകരിച്ചു. ഹരിതകേരളം മിഷന്‍ പദ്ധതിയുടെ ഏകോപനം നടത്തും. വിശദമായ പദ്ധതി തയ്യാറാക്കിയാണ് പച്ചത്തുരുത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. യോഗത്തില്‍ പൊഴുതന പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ബാബു, സെക്രട്ടറി എം.ആര്‍ ഹേമലത, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എന്‍.സി പ്രസാദ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഷാഹിന ഷംസുദീന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുധ അനില്‍, നവകേരളം കര്‍മ്മ പദ്ധതി റിസോഴ്സ് പേഴ്സണ്‍ മൃദുല ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.