വൈദ്യുതി വിതരണ സംവിധാനം തകർന്ന പ്രദേശങ്ങളിൽ അവ
പുതരുദ്ധരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചതായി കെ.എസ്.ഇ.ബി.
അറിയിച്ചു. വയറിംഗ് സംവിധാനങ്ങളുടെയും പൊതുജനങ്ങളുടെയും സുരക്ഷ
ഉറപ്പാക്കിയ ശേഷം എത്രയും പെട്ടെന്ന് കണക്ഷനുകൾ പുന:സ്ഥാപിക്കും. തകർന്ന
വൈദ്യുതി വിതരണ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ ഏകീകരിച്ച് നടപ്പിലാക്കാൻ
മിഷൻ റീകണക്റ്റ് എന്ന പേരിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. വിതരണവിഭാഗം
ഡയറക്ടറുടെ മേൽനോട്ടത്തിൽ തിരുവനന്തപുരം വൈദ്യുതി ഭവനിൽ 24 മണിക്കൂറും
പ്രത്യേക വിഭാഗം ഇതിനായി പ്രവർത്തിക്കും.

കല്പറ്റ, തൃശ്ശൂർ, ഇരിഞ്ഞാലക്കുട, പെരുമ്പാവൂർ, എറണാകുളം,  തൊടുപുഴ,
ഹരിപ്പാട്, ആലപ്പുഴ, പത്തനംതിട്ട  എന്നീ  ഇലക്ട്രിക്കൽ സർക്കിളുകളിൽ
ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരുടെ നേതൃത്വത്തിലും, പ്രശ്‌ന ബാധിത
പ്രദേശങ്ങളിലെ സെക്ഷനുകളിൽ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർമാരുടെ
നേതൃത്വത്തിലും പ്രത്യേക സമിതികൾ പുനരുദ്ധാരണ പ്രവർത്തികൾക്ക് മേൽനോട്ടം
നൽകും.  എല്ലാ ജില്ലയിലും പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ചീഫ്
എൻജിനീയർമാരെയും നിയോഗിച്ചിട്ടുണ്ട്.

സർവീസിൽനിന്നും വിരമിച്ച ജീവനക്കാരുടേയും മറ്റ് ഇലക്ട്രിക്കൽ സെക്ഷനിൽ
നിന്നുള്ള ജീവനക്കാരുടെയും കരാറുകാരുടെയും  സേവനവും ലഭ്യമാക്കും.
തമിഴ്‌നാട്, കർണ്ണാടക, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും
ജീവനക്കാരെയും ട്രാൻസ്‌ഫോർമറുകൾ അടക്കമുള്ള സാധനങ്ങളും നൽകാമെന്ന്
അറിയിച്ചിട്ടുണ്ട്. പവർഗ്രിഡ്, എൻ.ടി.പി.സി, റ്റാറ്റാ പവർ, എൽ ആൻഡ്  ടി
തുടങ്ങിയ സ്ഥാപനങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.