തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സംയുക്തമായി വാർഡ് തലങ്ങളിൽ തൊഴിൽസഭകൾ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി തൊഴിൽസഭ ഫെസിലിറ്റേറ്റർമാർക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാമിഷന്റെയും കേരള നോളജ് ഇക്കോണമി മിഷൻ്റെയും നേതൃത്വത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ സാജു ഡേവിഡ് പരിപാടി ഉദ്ഘാടനം ചെയ്തു. വിജ്ഞാനത്തിന്റെ കാര്യത്തിൽ കേരളം ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. അറിവിന്റെയും സാങ്കേതിക വിദ്യയുടെയും അടിസ്ഥാനത്തിൽ പുതുതലമുറയെ മുന്നോട്ട് കൊണ്ടുപോകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കേരള നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ.പി.എസ് ശ്രീകല മുഖ്യ പ്രഭാഷണം നടത്തി. ‘നോളജ് ഇക്കോണമി മിഷനും തൊഴിൽ സാധ്യതകളും’ തൊഴിൽസഭയിൽ ഫെസിലിറ്റേറ്ററുടെ പ്രാധാന്യം ‘എന്നീ വിഷയങ്ങളെക്കുറിച്ച് കെ.കെ.ഇ.എം പ്രോഗ്രാം മാനേജർമാരായ ഡയാന തങ്കച്ചൻ, സിബി അക്ബറലി എന്നിവർ ക്ലാസ്സുകളെടുത്തു.
വിജ്ഞാനാധിഷ്ഠിത തൊഴിൽ മേഖലകളിലെ അവസരങ്ങൾ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വാർഡ് തലങ്ങളിൽ തൊഴിൽ സഭകൾ സംഘടിപ്പിക്കുന്നത്. നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടിയിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള കുടുംബശ്രീ കമ്മ്യൂണിറ്റി അംബാസിഡർമാരും, ഫെസിലറ്റേറ്റർമാരും പങ്കെടുത്തു.
ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.എം ഗിരീശൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അസിസ്റ്റന്റ് അഞ്ചു.കെ സ്വാഗതവും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ കെ.വി പ്രഷിത നന്ദിയും പറഞ്ഞു