വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.

മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടിന് മീഡിയ വണ്ണിലെ സ്പെഷ്യൽ കറസ്പോണ്ടന്റ് ഷിദ ജഗത് അർഹയായി. മീഡിയ വണ്ണിലെ സീനിയർ ക്യാമറ പേഴ്സൺ മനേഷ് പി യാണ് മികച്ച ദൃശ്യമാധ്യമ ക്യാമറാമാൻ. മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ടിന് മാതൃഭൂമി റിപ്പോർട്ടർ കെ മുഹമ്മദ് ഇർഷാദ് അർഹനായി. മികച്ച വാര്‍ത്താ ചിത്രത്തിന് ഏർപ്പെടുത്തിയ അവാർഡ് കേരള കൗമുദി ഫോട്ടോഗ്രാഫർ രോഹിത് തയ്യിലിന് ലഭിച്ചു.

ജില്ലാതല ഓണാഘോഷത്തോടനുബന്ധിച്ച് സെപ്തംബർ രണ്ടിനും 11 നുമിടയിൽ പ്രസിദ്ധീകരിച്ചതോ സംപ്രേഷണം ചെയ്തതോ ആയ വാർത്തകളാണ് അവാർഡിനായി പരിഗണിച്ചത്. ലഭിച്ച എൻട്രികളിൽ നിന്നും മുതിർന്ന മാധ്യമപ്രവർത്തകൻ എ സജീവൻ, ഏഷ്യാനെറ്റ് മുൻ ഡെപ്യൂട്ടി ചീഫ് ക്യാമറാമാൻ കെ. പി രമേഷ് , മാതൃഭൂമി മുൻ ന്യൂസ് എഡിറ്റർ എം സുധീന്ദ്രകുമാർ എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡുകൾ നിശ്ചയിച്ചത്. മൊമെന്റോയും പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.