വനിത ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയായ ഒ.ആര്‍.സി.യുടെ (ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍) നേതൃത്വത്തില്‍ കല്ലാര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ‘സ്മാര്‍ട്ട് 40’ ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു. പ്രധാന അധ്യാപകന്‍ കൃഷ്ണന്‍ എം. പി. ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ ജീവിത നൈപുണികള്‍ വര്‍ധിപ്പിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികള്‍ക്കാണ് ചൊവ്വ മുതല്‍ വ്യാഴാഴ്ച വരെ ക്യാമ്പ് സംഘടിപ്പിച്ചത്. കുട്ടികളിലെ വൈകാരിക മാറ്റങ്ങളെയും മാനസിക പ്രശ്‌നങ്ങളെയും തിരിച്ചറിഞ്ഞ് അവരില്‍ ആത്മവിശ്വാസം വളര്‍ത്തുക, പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് ജീവിത വിജയം നേടാന്‍ പ്രാപ്തമാക്കുക, കുട്ടികളെ പഠനത്തില്‍ മുന്‍നിരയിലെത്തിക്കുന്നതിന് പ്രചോദനം നല്‍കുക, കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് സഹായിക്കുക, അവരില്‍ ലക്ഷ്യബോധം, നേതൃപാടവം എന്നിവ വളര്‍ത്തിയെടുക്കുക എന്നിവയാണ് ക്യാമ്പിന്റെ ലക്ഷ്യം. സൈക്കോളജിസ്റ്റായ ജാക്വലിന്‍, ഒ.ആര്‍.സി. പ്രൊജക്റ്റ് അസിസ്റ്റന്റ് കാതറിന്‍ വില്‍സണ്‍, റിസോഴ്സ് പേഴ്സണ്‍മാരായ മാത്യൂസ് തങ്കച്ചന്‍, ചിന്നു വര്‍ക്കി, റോസ്മി തോമസ്, കിരണ്‍ അഗസ്റ്റിന്‍, പ്രീത് ഭാസ്‌കര്‍, അഞ്ജലി രാജന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസം, ആരോഗ്യം, പൊലീസ്, തദ്ദേശഭരണ വകുപ്പുകള്‍, വിവിധ സര്‍ക്കാരിതര സന്നദ്ധ പ്രസ്ഥാനങ്ങള്‍, അധ്യാപക-രക്ഷാകര്‍തൃ സമൂഹം എന്നിവയെ കോര്‍ത്തിണക്കി സാമൂഹികനീതി വകുപ്പു നടപ്പാക്കുന്ന സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമാണ് ഒ.ആര്‍.സി.