കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കര്‍ഷക സഭകള്‍ വിളിച്ചു കൂട്ടി പെരുവന്താനം ഗ്രാമപഞ്ചായത്ത്. ഡീന്‍ കുര്യാക്കോസ് എം.പിയുടെ സാഗി പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കാര്‍ഷിക ഗ്രാമമായ പെരുവന്താനത്ത് കര്‍ഷകസഭകള്‍ വിളിച്ച് ചേര്‍ത്തത്. കര്‍ഷകര്‍ക്ക് കൃഷി സംബന്ധമായി കൂടുതല്‍ ബോധവത്കരണം നല്‍കുക, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ വിള ഇന്‍ഷുറന്‍സ് പദ്ധതികളെക്കുറിച്ച് വിശദീകരിക്കുക, മണ്ണ് പരിശോധന നടത്തി അനുയോജ്യമായ കൃഷിരീതി പ്രോത്സാഹിപ്പിക്കുക, കൃഷി മുന്നൊരുക്കങ്ങള്‍ക്ക് സഹായം നല്‍കുക, വിളകളില്‍ നിന്നുള്ള മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വാര്‍ഡുകളില്‍ കര്‍ഷക സഭകള്‍ വിളിച്ച് കൂട്ടിയത്. പെരുവന്താനം കൃഷിഭവന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും കീഴില്‍ വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

പാലൂര്‍കാവ്, അമലഗിരി, മൂഴിക്കല്‍, മുണ്ടക്കയം എന്നീ വാര്‍ഡുകളില്‍ നടത്തിയ കര്‍ഷക സഭകള്‍ പഞ്ചായത്ത് പ്രസിഡന്റ് ഡൊമിന സജി ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ഷക സഭകള്‍ വിളിച്ച് ചേര്‍ത്ത് കൂടുതല്‍ കര്‍ഷകരിലേക്ക് പദ്ധതിയുടെ പ്രയോജനം എത്തിക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായി പ്രസിഡന്റ് ഡൊമിന സജി പറഞ്ഞു.

വാര്‍ഡ് അംഗങ്ങളായ എബിന്‍ വര്‍ക്കി, ഷീബ ബിനോയ്, ബിജു മോന്‍ പി. ആര്‍, ബൈജു ഇ. ആര്‍ എന്നിവര്‍ യോഗത്തില്‍ ആശംസകള്‍ അറിയിച്ചു. കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ എല്‍സ ജൈല്‍സ്, ജോസഫ് ജെയ്മസ്, സജിമോന്‍ കെ. വി, വര്‍ഗീസ് തോമസ്, വ്യാവസായിക വാണിജ്യ വകുപ്പ് ഇന്റേണ്‍ ജെസ്ലിന്‍ ജോസഫ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.