ലൈസന്‍സ് ഇല്ലാത്ത മൃഗങ്ങളുടെ ഉടമകള്‍ക്കെതിരെ നടപടി

ജില്ലയില്‍ തെരുവുനായ ശല്ല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രാദേശിക കര്‍മസമിതികള്‍ രൂപീകരിച്ച് മൈക്രോ പ്ലാനുകള്‍ ആവിഷ്‌കരിക്കാന്‍ തീരുമാനമായി. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെയും ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെയും നേതൃത്വത്തില്‍ നടന്ന ഉദ്യോഗസ്ഥതല യോഗത്തിലാണു തിരുമാനം.

വളര്‍ത്തുമൃഗങ്ങളുടെ വാക്സിനേഷനും ലൈസന്‍സിംഗും യഥാസമയം നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കും. ലൈസന്‍സ് ഇല്ലാത്ത മൃഗങ്ങളുടെ ഉടമകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും.

സെപ്റ്റംബറോടുകൂടി എല്ലാ വളര്‍ത്തു നായ്ക്കളുടെയും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണു ശ്രമം. സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ തെരുവുനായ്ക്കളുടെ ഊര്‍ജിത വാക്‌സിനേഷന്‍ ക്യാപുകള്‍ സംഘടിപ്പിക്കും. നായ്ക്കളില്‍ വാക്‌സിനേഷന്‍ നടത്താനാവശ്യമായ വാക്‌സിന്‍ ലഭ്യത ജില്ലയിലുണ്ടെന്ന് യോഗം വിലയിരുത്തി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ആറ് അംഗീകൃത ഡോഗ് ക്യാച്ചര്‍മാരും കോര്‍പ്പറേഷന്‍ പരിധിയില്‍ മൂന്ന് ഡോഗ് ക്യാച്ചര്‍മാരുമാണു നിലവിലുള്ളത്. പുതുതായി നിയമിക്കുന്ന ഡോഗ് ക്യാച്ചര്‍മാര്‍ക്ക് ഇവരുടെ കീഴില്‍ പരിശീലനം നല്‍കും. നായ്ക്കളെ പിടിക്കുന്നതിനായി ചുമതലപ്പെടുത്തുന്ന എല്ലാവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജില്ലയില്‍ നിലവില്‍ നായ ശല്ല്യം രൂക്ഷമായ 14 ഹോട്‌സ്‌പോട്ടുകള്‍ ഉണ്ടെന്നാണു മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. പ്രാദേശികമായി നായ ശല്ല്യം രൂക്ഷമായ സ്ഥലങ്ങള്‍ കണ്ടെത്തി വാക്‌സിനേഷന്‍ ആരംഭിക്കാനാണു തീരുമാനം. വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ സംഘടനകളുടെ സഹായവും ഉറപ്പാക്കും. നായകളെ പിടികൂടുന്നതിനുള്ള ഡോഗ് ക്യാച്ചേഴ്സിനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇവര്‍ക്ക് നായകളെ പിടികൂടുന്നതിനു പരിശീലനം നല്‍കും. പരിശീലനം ലഭിച്ച വാളന്റിയര്‍മാരെ ഉള്‍പ്പെടെ നിയോഗിച്ച് അതിവേഗത്തില്‍ വാക്‌സിനേഷന്‍ നടപ്പാക്കുകയാണു ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും.

എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനാവശ്യമായ സൗകര്യമൊരുക്കാനും നിര്‍ദേശം നല്‍കും. തെരുവുകളില്‍ മാലിന്യം വലിച്ചെറിയുന്നതു നിയന്ത്രിക്കുന്നതു സംബന്ധിച്ച അവബോധം നല്‍കുന്നതിനായി റസ്റ്ററന്റ് അസോസിയേഷനുകളുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും വ്യാപാരികളുടെയും യോഗം വിളിക്കും. സന്നദ്ധ സംഘടനകള്‍, എന്‍സിസി, എന്‍എസ്എസ് തുടങ്ങിയവരുടെ സഹകരണവും ഉറപ്പാക്കും.

നായ്ക്കളുടെ പരിപാലനവും പ്രതിരോധവും സംബന്ധിച്ചു വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധ ക്ലാസുകള്‍ സംഘടിപ്പിക്കും. വളര്‍ത്തു മൃഗങ്ങളുടെ പരിപാലനത്തിനൊപ്പം ആക്രമണമുണ്ടാകുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും സ്‌കൂള്‍ തലത്തില്‍ പരിശീലനം നല്‍കും. നായ്ക്കളുടെ അഭയ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനും നടപടി സ്വീകരിക്കും. ജനപ്രതിനിധികളുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക.

യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ ഫാത്തിമ, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ.എന്‍.ഉഷ റാണി, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മറിയാമ്മ തോമസ്, ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. പി.എം രജനി, വിവിധ വകുപ്പുകളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.