ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെയും കിലയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഏകാരോഗ്യം ജില്ലാതല ശില്പശാല കട്ടപ്പന വെള്ളയാംകുടി സ്‌കൈ റോക്ക് ഇന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. സംസ്ഥാനത്തെ ജീവജാലങ്ങളുടെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് കേരള സര്‍ക്കാര്‍ ഏകാരോഗ്യം പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാതലത്തില്‍ മൂന്നു ദിവസങ്ങളിലായാണ് ശില്പശാല. ജനപ്രതിനിധികള്‍ക്ക് സെപ്റ്റംബര്‍ 15നും, രണ്ടാം ദിവസമായ 16ന് എച്ച് ഐ, പഞ്ചായത്ത് സെക്രട്ടറിമാര്‍, മറ്റു ഇതര വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, മൂന്നാം ദിവസമായ ഇന്ന് (17 ന)് എന്‍ ജി ഒ, സി ഡി എസ്, ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുമാണ് ശില്പശാല നടത്തുന്നത്.

ലോകത്തിലെ ജീവജാല ആരോഗ്യ നിലവാരം ഉയര്‍ത്തുന്നതിന് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട ആശയമാണ് ഏകാരോഗ്യം. മനുഷ്യര്‍, മൃഗങ്ങള്‍, സസ്യങ്ങള്‍ ഇവ ഉള്‍പ്പെടുന്ന പരിസ്ഥിതി, ഇവ തമ്മിലുള്ള പരസ്പര ബോധം എന്നിവ തിരിച്ചറിഞ്ഞ് ജീവജാലങ്ങള്‍ക്കെല്ലാം അനുയോജ്യമായ ആരോഗ്യസ്ഥിതി കൈവരിക്കുക എന്നതാണ് ഏകാരോഗ്യം പദ്ധതിയുടെ ലക്ഷ്യം.

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം, കാലാവസ്ഥ മാറ്റം, ജന്തു ജന്യ രോഗങ്ങള്‍, ജലജന്യരോഗങ്ങള്‍, ഏകാരോഗ്യ പരിപാടി കേരളത്തില്‍ എങ്ങനെ നടപ്പിലാക്കുന്നു, സംസ്ഥാന സമിതി രൂപീകരണം, ലക്ഷ്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, ജില്ലാതല സമിതി രൂപീകരണം, പ്രവര്‍ത്തനങ്ങള്‍, ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുതല സമിതി പ്രവര്‍ത്തനങ്ങള്‍, ഏകാരോഗ്യം നമുക്ക് എന്ത് ചെയ്യാം? തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഏകാരോഗ്യ ഇടപ്പെടലുകളും ചുമതലകളും, വിവിധ തലത്തിലുള്ള സമിതികള്‍, വാര്‍ഡ് തല സന്നദ്ധ സംഘങ്ങള്‍, ഏകാരോഗ്യ ഗ്രാമ സഭ, തുടങ്ങിയ വിഷയങ്ങള്‍ ശില്പശാലയില്‍ ചര്‍ച്ച ചെയ്തു.

പമ്പാനദീതട ജില്ലകളില്‍ ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ്് ജീവനക്കാര്‍, ബന്ധപ്പെട്ട ഇതര വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ക്ക് ഏകാരോഗ്യ പ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കും. സാമൂഹിക നിരീക്ഷണത്തിനായിപ്രസ്തുത പ്രദേശങ്ങളിലെ പഞ്ചായത്ത് അംഗങ്ങളും കുടുംബശ്രീ അംഗങ്ങളും ഉള്‍പ്പെടെ 2,50,000 പരിശീലിപ്പിക്കും. 150 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സാമൂഹിക ഏകാരോഗ്യ നിരീക്ഷണസംവിധാനം നടപ്പിലാക്കും. മൃഗജന്യ രോഗങ്ങള്‍ സംയോജിത ഇടപെടലിലൂടെ നിയന്ത്രിക്കുന്നയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.

നവകേരള കര്‍മ്മപദ്ധതി നോഡല്‍ ഓഫിസര്‍ ഡോ. ഖയാസ്, ഡെപ്യൂട്ടി ഡി എം ഒ ഡോ. അജിത് കുമാര്‍, തൃശൂര്‍ കില ഫാക്കല്‍റ്റിമാരായ ദിനേഷ് വി.വി, സി.പി സുരേഷ് ബാബു, അഖില്‍ സദാശിവന്‍, അതുല്‍രാജ്, ബിനുരാജ് കെ.എസ്, ലിന്റു, ജിഷ എ.ജെ, മരിയാപുരം കുടുബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ.ജോഷി ദേവ് എസ് തുടങ്ങിയവര്‍ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി.