വ്യവസായ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയുടെ ഭാഗമായി അങ്കമാലി മണ്ഡലത്തിൽ അവലോകനയോഗവും, സംരംഭകത്വ ശില്പശാലയും നടന്നു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് റോജി.എം. ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.

പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും അങ്കമാലി മുൻസിപ്പാലിറ്റിയിലുമായി ഈ വർഷം 982 സംരംഭങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 391 സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ജനറൽ ഓറിയന്റേഷൻ പ്രോഗ്രാമുകളും ലോൺ മേളകളും പൂർത്തിയായി. സംരംഭങ്ങൾ ആരംഭിക്കുന്നതിന് സഹായത്തിനായി എല്ലാ പഞ്ചായത്തുകളിലും ഹെൽപ്പ് ഡസ്ക്കുകൾ ആരംഭിക്കുകയും ഇന്റേണുകളെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

അങ്കമാലി നഗരസഭയിൽ 105, കാലടി ഗ്രാമപഞ്ചായത്ത് 54, മലയാറ്റൂർ ഗ്രാമപഞ്ചായത്ത് 29, മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് 29, അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് 18, കറുകുറ്റി ഗ്രാമപഞ്ചായത്ത് 50, മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് 28, പാറക്കടവ് ഗ്രാമപഞ്ചായത്ത് 46, തുറവൂർ ഗ്രാമപഞ്ചായത്ത് 32 വീതം സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്.

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി അധ്യക്ഷത വഹിച്ചു, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ. രമ മുഖ്യപ്രഭാഷണം നടത്തി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വി. ജയദേവൻ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഒ ജോർജ്ജ്, ആലുവ താലൂക്ക് വ്യവസായ ഓഫീസർ ഹേമ ജോസഫ്, അങ്കമാലി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ പാർവ്വതി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, അംഗങ്ങൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.