കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ ആരംഭിച്ച പച്ചക്കറി കൃഷിക്കു ലഭിച്ചത് നൂറുമേനി വിളവ്. വിളവെടുപ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിർവഹിച്ചു. പാവലും പടവലവുമായിരുന്നു കൃഷി ചെയ്തത്. ആദ്യ ഘട്ടത്തിൽ 250 കിലോ പടവലവും 300 കിലോ പാവലും ലഭിച്ചു. ലഭിച്ച പച്ചക്കറി സമീപപ്രദേശങ്ങളിലെ കടകൾ വഴി വിറ്റഴിക്കുമെന്ന് കൃഷി ഓഫീസർ നീതു തോമസ് പറഞ്ഞു.
കിടങ്ങൂർ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ, കൂടല്ലൂർ സെന്റ് ജോസഫ് യു.പി സ്‌കൂൾ എന്നിവിടങ്ങളിലെ 30 വിദ്യാർത്ഥികളാണ് കഴിഞ്ഞ ജൂൺ മാസത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചത്. പഞ്ചായത്തിലെ രണ്ടാം വാർഡിലെ കർഷകനായ കൊതകുന്നേൽ വിജയന്റെ തരിശുകിടന്ന 30 സെന്റ് സ്ഥലത്തായിരുന്നു കൃഷിയിറക്കിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം അശോക് കുമാർ പൂതമന, പഞ്ചായത്തംഗം സിബി സിബി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. ലെൻസി തോമസ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, സ്‌കൂൾ പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.