ജില്ലയിൽ കാലാവസ്ഥ മുന്നറിയിപ്പ് നൽകാൻ ഇനി കുട്ടികളും. കേരള സ്‌കൂൾ വെതർ സ്‌റ്റേഷൻ പദ്ധതിയിലൂടെ ജില്ലയിലെ 12 സ്‌കൂളുകളിലെ വിദ്യാർഥികളാണ് കാലാവസ്ഥ നിരീക്ഷകരാകുന്നത്. ജോഗ്രഫി പഠനവിഷയമായുള്ള ഹയർ സെക്കൻഡറി സ്‌കൂളുകളിലാണ് ആദ്യഘട്ടത്തിൽ വെതർ സ്‌റ്റേഷൻ സ്ഥാപിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തങ്ങളുടെ സാധ്യത എന്നിവ നിരീക്ഷിക്കാനും പഠിക്കാനും വിദ്യാർഥികൾക്ക് അവസരമൊരുങ്ങുകയാണ് പദ്ധതിയിലൂടെ. മുഖ്യമന്ത്രിയുടെ 100ദിന കർമ പരിപാടിയിലുൾപ്പെടുത്തി വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്രശിക്ഷാ കേരളം പദ്ധതി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു സ്‌കൂളിൽ പദ്ധതി നടപ്പാക്കാൻ 90000 രൂപയാണ് ചെലവ്.
മഴയുടെ തോത് അളക്കാനുള്ള മഴമാപിനി, കാറ്റിന്റെ തീവ്രത അളക്കാനുള്ള കപ് കൗണ്ടർ അനിമോമീറ്റർ, കാറ്റിന്റെ ദിശ മനസിലാക്കാൻ വിൻഡ് വെയിൻ, അന്തരീക്ഷത്തിലെ ആർദ്രത അളക്കുന്നതിനുള്ള വെറ്റ് ആൻഡ് ഡ്രൈ തെർമോമീറ്റർ, രണ്ടു സമയങ്ങൾക്കിടയിലുള്ള കൂടിയതും കുറഞ്ഞതുമായ താപനില രേഖപ്പെടുത്താൻ സിക്സ് മാക്സിമം, മിനിമം തെർമോമീറ്റർ, സ്റ്റീവൻസൺ സ്‌ക്രീൻ എന്നിവ ഉൾപ്പെടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് സ്‌കൂളുകളിൽ സജ്ജീകരിക്കുന്നത്.
പ്രളയ സാഹചര്യങ്ങളിൽ കൂട്ടിക്കൽ അടക്കമുള്ള പ്രദേശങ്ങളിൽ ഉണ്ടായ മഴയുടെ അളവ് രേഖപ്പെടുത്തുന്നതിന് മഴമാപിനി ഇല്ലാത്ത സാഹചര്യമുണ്ടായിരുന്നു. സ്‌കൂളുകളിൽ വെതർ സ്‌റ്റേഷൻ സ്ഥാപിക്കുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്കൊരു പരിഹാരമാകുമെന്ന് ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ മാണി ജോസഫ് പറഞ്ഞു. പെരുവ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ സ്ഥാപിച്ച വെതർ സ്‌റ്റേഷനിൽ വിദ്യാർഥികൾ ഓരോ ദിവസത്തേയും കാലാവസ്ഥ ഡാറ്റാ ബുക്കിൽ രേഖപ്പെടുത്താനും എസ്.എസ്.കെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാനും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ സ്‌കൂളുകളിൽനിന്ന് അപ്ലോഡ് ചെയ്യുന്ന വിവരങ്ങൾ കൊച്ചി സർവകലാശാല പഠനങ്ങൾക്ക് ഉപയോഗിക്കും. സമീപസ്‌കൂളുകളിലെ വിദ്യാർഥികൾക്കും പഠനത്തിനും നിരീക്ഷണത്തിനും അവസരം നൽകും. വൈക്കം ഗേൾസ്, ബോയ്സ് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകൾ, തൃക്കൊടിത്താനം, വടക്കേക്കര, താഴത്തുവടകര, പനമറ്റം, മുരിക്കുവയൽ, പാലാ, ഈരാറ്റുപേട്ട, കുമരകം, കടപ്പൂർ, സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകൾ എന്നിവയാണു പദ്ധതി നടപ്പാക്കുന്ന മറ്റു സ്‌കൂളുകൾ.

ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ബിനു എബ്രഹാം, കെ.ജെ പ്രസാദ്, ധന്യ പി വാസു എന്നിവരാണ് പദ്ധതിക്കു നേതൃത്വം നൽകുന്നത്.