ക്ഷീര സംഗമവും ചേറ്റാനിക്കട ക്ഷീരോല്പാദക സഹകരണ സംഘം നിര്‍മ്മിച്ച പുതിയ കെട്ടിടവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന വകുപ്പിന്റെയും ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും ഇടുക്കി ക്ഷീര വികസന യൂണിറ്റിന് കീഴിലുള്ള ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ചടങ്ങില്‍ അദ്ധ്യക്ഷനായി.

ക്ഷീര മേഖലയ്ക്കായി പ്രത്യേക ഫണ്ട് വകയിരുത്തിയ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളെ ചടങ്ങില്‍ ആദരിച്ചു. ഇടുക്കി ബ്ലോക്കില്‍ ഏറ്റവും അധികം പാല്‍ അളന്ന ക്ഷീരകര്‍ഷകന്‍ സേവ്യര്‍ ചാക്കോ, മികച്ച ക്ഷീര കര്‍ഷക ഷൈനി സോയി, മികച്ച പട്ടിക ജാതി / പട്ടിക വര്‍ഗ്ഗ ക്ഷീര കര്‍ഷക മിനി സുകുമാരന്‍, ഇടുക്കി ബ്ലോക്കില്‍ ഏറ്റവും അധികം പാല്‍ സംഭരിച്ച വാഴത്തോപ്പ് സഹകരണ സംഘം, ഏറ്റവും ഗുണമേന്മയുള്ള പാലളന്ന മണിയാറന്‍കുടി ക്ഷീര സഹകരണ സംഘത്തെയും മന്ത്രി ചടങ്ങില്‍ ആദരിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച കന്നുകാലി പ്രദര്‍ശനത്തില്‍ കറവപ്പശു വിഭാഗത്തിലും കിടാരി വിഭാഗത്തിലും ക്ഷീര കര്‍ഷകനായ ബിനു ജോണ്‍ മാപ്ലാരി ഒന്നാം സ്ഥാനം നേടി.

പ്രദര്‍ശനത്തില്‍ പങ്കെടുത്ത മുഴുവന്‍ ക്ഷീര കര്‍ഷകര്‍ക്കും സൗജന്യമായി കേരള ഫീഡ്‌സ് കാലിത്തീറ്റ വിതരണം ചെയ്തു. തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ക്കായി സെമിനാറും സംഘടിപ്പിച്ചു. ‘ക്ഷീരോത്പാദനത്തിലൂടെ ഭക്ഷ്യ സുരക്ഷ’ എന്ന വിഷയത്തില്‍ ക്ഷീരവികസന വകുപ്പ് മുന്‍ അസി. ഡയറക്ടര്‍ ജോര്‍ജ് എം. എല്‍ വിഷയം അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാഴത്തോപ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ക്ഷീര വികസന വകുപ്പ് ഇടുക്കി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ എസ് മഹേഷ് നാരായണന്‍, ഇടുക്കി ക്ഷീര വികസന ഓഫീസര്‍ ജാന്‍സി ജോണ്‍, ചേറ്റാനിക്കട ക്ഷീര സംഘം പ്രസിഡന്റ് ബിന്ദു പൈലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.