യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാനായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽ സഭകൾക്ക് നാളെ തുടക്കമാകും. ജനകീയ ഇടപെടലിലൂടെ ബദൽ സൃഷ്ടിക്കുന്ന മറ്റൊരു കേരള മാതൃകയ്ക്കാണ് തുടക്കമാകുന്നത്. തൊഴിൽ സഭയുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ സ്വന്തം വാർഡിലെ തൊഴിൽസഭയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പിണറായി ഗ്രാമപഞ്ചായത്ത് കൺവെൻഷൻ സെന്ററിൽ രാവിലെ 10 മണിക്കാണ് പരിപാടി. തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും. എംപിമാരായ കെ. സുധാകരൻ, വി. ശിവദാസൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ആമുഖ പ്രസംഗം നടത്തും. ജില്ലാ പഞ്ചായത്ത് ചേമ്പർ അധ്യക്ഷ കെ.ജി. രാജേശ്വരി, മേയേഴ്‌സ് കൗൺസിൽ പ്രസിഡന്റ് എം. അനിൽ കുമാർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. സുരേഷ്, ചേമ്പർ ഓഫ് മുൻസിപ്പൽ ചെയർമെൻ അധ്യക്ഷൻ എം. കൃഷ്ണദാസ്,ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബി.പി. മുരളി, ആസൂത്രണ ബോർഡ് അംഗം ഡോ. ജിജു പി അലക്‌സ്, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ യറക്ടർ എം.ജി. രാജമാണിക്യം, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ,നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല,കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ ജാഫർ മാലിക്,ഐകെഎം ഇഡി ഡോ. സന്തോഷ് ബാബു, പഞ്ചായത്ത് അംഗങ്ങളായ എ. ദീപ്തി, സുമേഷ് ചന്ദ്രൻ. വി.കെ എന്നിവർ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സ്വാഗതവും പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവൻ നന്ദിയും പറയും.
പ്രാദേശികമായി യുവാക്കളെ സംഘടിപ്പിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തൊഴിലിലേക്ക് എത്തിക്കാനുള്ള ഈ പുത്തൻ ആശയം ലോകത്ത് തന്നെ ആദ്യത്തേതാണ്. തൊഴിലന്വേഷകരെ തിരിച്ചറിയുകയും അനുയോജ്യമായ തൊഴിൽ സാധ്യതകൾ കണ്ടെത്തുകയും കേരളത്തിനും രാജ്യത്തിനും അകത്തും പുറത്തുമുള്ള തൊഴിലിലേക്ക് നയിക്കുകയുമാണ് തൊഴിൽസഭകളിലൂടെ ലക്ഷ്യമിടുന്നത്. ആയിരത്തിൽ അഞ്ചുപേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതിയും, ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതിയും, കെ ഡിസ്‌ക് വഴി ഇരുപത് ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതിയുമെല്ലാം തൊഴിൽ സഭകളുടെ സഹകരണത്തോടെയാകും മുന്നോട്ടുപോവുക. ഇടതുപക്ഷ ജനാധിപത്യ മുന്നണി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്നാണ് ഇതിലൂടെ നടപ്പിലാകുന്നത്. മുൻ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററാണ് തൊഴിൽ സഭ എന്ന ആശയം മുന്നോട്ടുവെച്ചത്. വ്യത്യസ്ത വകുപ്പുകളുടെയും ഏജൻസികളുടെയും പ്രവർത്തനങ്ങളെ തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ ഏകോപിപ്പിച്ചുകൊണ്ട് സർക്കാർ സംവിധാനങ്ങളുടെയും സ്വകാര്യ മേഖലകളുടെയും സഹായം തൊഴിൽ അന്വേഷകരിലേക്ക് നേരിട്ടെത്തിക്കുക എന്നതും തൊഴിൽ സഭയുടെ പ്രധാന ലക്ഷ്യമാണ്. തൊഴിൽ മേഖലയിലെ കേരളത്തിന്റെ മഹാമുന്നേറ്റമാകുന്ന തൊഴിൽ സഭകൾ വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അഭ്യർഥിച്ചു.