സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 28 കോടി രൂപ വിനിയോഗിച്ച് ധർമ്മടം മണ്ഡലത്തിലെ ടൗണുകളുടെ സൗന്ദര്യവത്കരണം പുരോഗമിക്കുന്നു. പൊതു ഇടങ്ങളുടെ നവീകരണം എന്ന ആശയത്തിലൂന്നിയാണ് ഈ മോടി പിടിപ്പിക്കൽ. ഡ്രെയിനേജ്, ഇന്റർലോക്ക് പാകിയ നടപ്പാത, നടപ്പാതയിൽ കൈവരി, ബസ് കാത്തിരിപ്പ് കേന്ദ്രം, റോഡ് നവീകരണം, ഐറിഷ് ഡ്രെയിൻ തുടങ്ങിയവ ഒരുക്കിയാണ് 13 പ്രധാന ടൗണുകളുടെയും ചെറു ടൗണുകളുടെയും മുഖം മിനുക്കുന്നത്. ഇതിൽ മൂന്ന് പ്രധാനപ്രവൃത്തികൾ പൂർത്തിയായി. മുഴപ്പാല, പാല ബസാർ-വാളാങ്കിച്ചാൽ-മുണ്ട മെട്ട, കായലോട് ടൗൺ  എന്നിവിടങ്ങളിലെ പ്രവൃത്തികളാണ്  പൂർത്തിയായത്.
 
മുഴപ്പാലയിൽ മൂന്ന് കോടി രൂപയും മുണ്ടമെട്ടയിൽ 66.7 ലക്ഷവും  കായലോട് 45 ലക്ഷവുമാണ് ചെലവാക്കിയത്. പാനുണ്ട ജംഗ്ഷൻ ( അഞ്ച് കോടി), ചെമ്പിലോട് പഞ്ചായത്തിലെ ചാല ടൗൺ (മൂന്ന് കോടി), പാറപ്രം, അണ്ടല്ലൂർക്കാവ്, കാപ്പുമ്മൽ, ഉമ്മൻചിറ, പന്തക്കപ്പാറ, മേലൂർ എന്നീ ചെറു ടൗണുകൾ ( 83.3 ലക്ഷം), ചിറക്കുനി ( മൂന്ന് കോടി) എന്നിവിടങ്ങളിലെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. കൂടാതെ ചിറക്കുനി, പാനുണ്ട എന്നിവിടങ്ങളിൽ അനുബന്ധ റോഡുകൾ അഭിവൃദ്ധിപ്പെടുത്തിയിട്ടുണ്ട്. കാടാച്ചിറ (മൂന്ന് കോടി), പെരളശ്ശേരി ടൗൺ (അഞ്ച് കോടി), മൂന്നുപെരിയ, ഡോക്ടർ മുക്ക്, കോയ്യോട്, താഴെ കാവിൻമൂല എന്നീ ചെറു ടൗണുകൾ ( 1.5 കോടി), പടന്നക്കര, മീത്തലെ പീടിക (45 ലക്ഷം) മൂന്നു പെരിയ ജംഗ്ഷൻ( 1.1 കോടി), മമ്പറം ടൗൺ ( ഒരു കോടി) എന്നിവിടങ്ങളിലും സൗന്ദര്യവത്കരണം നടക്കുന്നുണ്ട്.