പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിന് കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത കര്‍ശനമായി ഉറപ്പാക്കും. ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യുന്നതിന് ആവശ്യത്തിന് സാധനങ്ങള്‍ ജില്ലയിലേക്ക് എത്തുന്നുണ്ട്. ആവശ്യപ്പെട്ടാല്‍ ഇനിയും സഹായിക്കാന്‍ ആളുകള്‍ തയാറായുണ്ട്. ദുരിതാബാധിതര്‍ക്കു വിതരണം ചെയ്യുന്നതിനു ലഭിക്കുന്ന അവശ്യവസ്തുക്കള്‍ ജില്ലയിലെ ഇതിനായി സജ്ജമാക്കിയിട്ടുള്ള ഹബുകള്‍ കേന്ദ്രീകരിച്ചാണ് സ്വീകരിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന സാധനങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തും. ഓരോ ഹബിലും രണ്ടു പേര്‍ അടങ്ങുന്ന ടീമിനെ ഇതിനായി നിയോഗിച്ചു. ഇതിനു പുറമേ, സാധനങ്ങള്‍ സ്വീകരിക്കുന്നതിനും വേര്‍തിരിക്കുന്നതിനും ലോഡിംഗിനും ഹബുകളില്‍ മതിയായ ആളുകളെ വിന്യസിച്ചിട്ടുണ്ട്.
സാധനങ്ങള്‍ ഹബുകളില്‍ സ്വീകരിക്കുന്നത് ഓണ്‍ലൈനായി രേഖപ്പെടുത്തുന്നതിനും നടപടിയായി. ഇതിനായി പ്രത്യേക ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എത്രസാധനം വിതരണം ചെയ്തു എന്ന കാര്യവും ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യും. ഡ്രൈവറുടെ പേര്, ഏതു വാഹനം, ഏതു ക്യാമ്പിലേക്കാണ് സാധനവുമായി പോകുന്നത്, ഏതു സമയം തുടങ്ങിയ വിവരങ്ങളും തല്‍സമയം ഓണ്‍ലൈനായി രേഖപ്പെടുത്തും. ഈ വിവരം ഓണ്‍ലൈനായി അറിയാന്‍ സാധിക്കും. പ്രളയത്തിന് ഇരയായി ക്യാമ്പുകളില്‍ താമസിക്കുന്നവരുടെയും വീടുകളില്‍ താമസിക്കുന്നവരുടെയും ആവശ്യകത കണ്ടെത്തി എത്ര സാധനം ആവശ്യമുണ്ട് എന്നു കണ്ടെത്തി അതിനുസരിച്ച് വിതരണം കാര്യക്ഷമമായി നടത്തുന്നതിനും സംവിധാനമായെന്നും കളക്ടര്‍ പറഞ്ഞു.