സംരംഭകത്വ വര്‍ഷാചാരണത്തിന്റെ ഭാഗമായി നടന്ന കൊച്ചി നിയോജക മണ്ഡലതല അവലോകന യോഗവും ശില്പശാലയും കെ.ജെ മാക്‌സി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഈ സാമ്പത്തിക വര്‍ഷം സംരംഭകത്വ വര്‍ഷമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ എറ്റവും വലിയ നേട്ടം നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്നതാണെന്ന് എം.എല്‍.എ പറഞ്ഞു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്റെ നേട്ടം സമൂഹത്തിലെ എല്ലാ തലങ്ങളിലും പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംരംഭകത്വ വര്‍ഷാചരണത്തിന്റെ ഭാഗമായി കൊച്ചി മണ്ഡലത്തില്‍ 411 സംരംഭങ്ങളാണ് ഇതുവരെ ആരംഭിച്ചത്. മണ്ഡലത്തിലെ പഞ്ചായത്തുകളിലും കൊച്ചി കോര്‍പറേഷനിലെ ഒന്ന് മുതല്‍ 12വരെയും 21 മുതല്‍ 30 വരെ ഡിവിഷനുകളിലുമായി 1093 സംരംഭങ്ങള്‍ ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്. 37% സംരംഭങ്ങള്‍ നിലവില്‍ ആരംഭിച്ചു കഴിഞ്ഞു. കോര്‍പറേഷന്‍ ഡിവിഷനുകളിലും പഞ്ചായത്തുകളിലും ജനറല്‍ ഓറിയന്റേഷന്‍ പ്രോഗ്രാമുകളും ലോണ്‍ മേളകളും സംഘടിപ്പിച്ചിരുന്നു. സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ലൈസന്‍സിങ് പോലുള്ള സഹായങ്ങള്‍ക്കുമായി ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിക്കുകയും ഇന്റേണുകളെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
ചെല്ലാനം ഗ്രാമ പഞ്ചായത്തില്‍ 169 സംരംഭങ്ങള്‍ ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്. നിലവില്‍ 54 സംരംഭങ്ങള്‍ ആരംഭിച്ചു. 70 സംരംഭകരെ തിരിച്ചറിഞ്ഞു. 78 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. 70.7 ലക്ഷം രൂപയുടെ നിക്ഷേപം നടന്നു. കുമ്പളങ്ങി ഗ്രാമ പഞ്ചായത്തില്‍ 127 സംരംഭങ്ങള്‍ ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്. നിലവില്‍ 47 സംരംഭങ്ങള്‍ ആരംഭിച്ചു. 60 സംരംഭകരെ കണ്ടെത്തി. 86 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. 1.36 കോടി രൂപയുടെ നിക്ഷേപമുണ്ടായി.
കൊച്ചി കോര്‍പറേഷനിലെ 11, 12, 21, 22, 23, 24, 25 ഡിവിഷനുകളിലായി 254 സംരംഭങ്ങള്‍ ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്. നിലവില്‍ 115 സംരംഭങ്ങള്‍ ആരംഭിച്ചു. 150 സംരംഭകരെ തിരിച്ചറിഞ്ഞു. 206 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. 6.20 കോടി രൂപയുടെ നിക്ഷേപം സൃഷ്ടിക്കപ്പെടുകയും ചെയ്തു. കൊച്ചി കോര്‍പറേഷനിലെ 1 മുതല്‍ 10 വരെയും 26 മുതല്‍ 30 വരെയും ഡിവിഷനുകളിലായി 543 സംരംഭങ്ങള്‍ ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്. നിലവില്‍ 195 സംരംഭങ്ങള്‍ ആരംഭിച്ചു. 150 സംരംഭകരെ തിരിച്ചറിഞ്ഞു. 427 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. 8.78 കോടി രൂപയുടെ നിക്ഷേപം സൃഷ്ടിക്കപ്പെട്ടു.
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി അധ്യക്ഷത വഹിച്ച യോഗത്തില്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ മുഖ്യാതിഥിയായി. ചെല്ലാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ ജോസഫ്, കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ നജീബ്, കൊച്ചി താലൂക്ക് അസിസ്റ്റന്റ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ ഹേമ ജോസഫ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.