കേരളം സ്റ്റാർട്ട് അപ് സൗഹൃദ സംസ്ഥാനം
കഴിഞ്ഞ മൂന്ന് വർഷമായി രാജ്യത്തെ ഒന്നാമത്തെ സ്റ്റാർട്ട് അപ് സൗഹ്യദ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനാണെന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി കൺവെൻഷൻ സെന്ററിൽ തൊഴിൽസഭയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭങ്ങൾ തുടങ്ങാൻ അനുയോജ്യമായ ഇടമല്ല കേരളം എന്ന പ്രചാരണം തെറ്റാണ്. അത്തരം പ്രചാരകർ നാടിനെ അപകീർത്തിപ്പെടുത്തുകയാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി നാടിനെയാകെ ഇകഴ്ത്തി കാട്ടാനുള്ള ശ്രമമാണത്-മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായങ്ങളെ വലിയ തോതിൽ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേരളത്തിന്റേത്. എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വിവിധ വ്യവസായ ഗ്രൂപ്പുകളുമായി ഒന്നിലധികം തവണ ചർച്ച നടത്താൻ സാധിച്ചു. വ്യവസായിക കേരളാനുഭവത്തെ പറ്റി ചോദിച്ചപ്പോൾ ദുരനുഭവമില്ലന്നായിരുന്നു മറുപടി. തൊഴിൽ സoഘർഷമോ സമരമോ വ്യവസായന്തരീക്ഷത്തെ കലുഷമാക്കുന്നില്ലെന്ന അനുഭവമാണ് സംരംഭകർ പങ്ക് വച്ചത്-മുഖ്യമന്ത്രി പറഞ്ഞു.
 കഴിഞ്ഞ ആറ് വർഷത്തിനിടെ ചെറുകിട ഇടത്തരം വ്യവസായ രംഗത്ത് 8184 കോടി രൂപയുടെ നിക്ഷേപമാണ് നടന്നത്. 86993 സംരംഭങ്ങൾ തുടങ്ങി, 309 910 തൊഴിലുകൾ യാഥാർഥ്യമാക്കി. ഈ സാമ്പത്തിക വർഷം സംരംഭങ്ങളുടെ വർഷമായാണ് നാം മുന്നേറിയത്. ഇത് വരെ 3382 കോടി 61 ലക്ഷം രൂപയുടെ നിക്ഷേപമാണ് നടന്നത്. 56137 സംരംഭങ്ങൾ ആരംഭിച്ചു.123795 തൊഴിലുകൾ യാഥാർത്ഥ്യമാക്കി. ഐ ടി മേഖലയിൽ ആറ് വർഷം കൊണ്ട് 40 ലക്ഷം ചതുരശ്ര അടി ഐടി സ്‌പെയ്‌സ് പുതുതായി ഉണ്ടായി. 45869 തൊഴിൽ അവസരങ്ങളുമുണ്ടായി. ഇത്തരം നേട്ടങ്ങളിൽ മതിമറന്ന് അവിടെ നിൽക്കുകയല്ല മറിച്ച് ഉൽപാദനോൻമുഖമായ വികസനത്തിന്റെ നേട്ടങ്ങൾ അടിസ്ഥാനതലം വരെ എത്തിക്കുകയാണ് ലക്ഷ്യം. അങ്ങിനെ പുരോഗമനോമുഖ,വൈജ്ഞാനിക നൂതന സമൂഹ നിർമ്മിതിയിലൂടെ നവകേരള സൃഷ്ടിയാണ് സർക്കാർ ലക്ഷ്യമിടുന്നത്-പിണറായി വിജയൻ പറഞ്ഞു.