റോഡ്, കെട്ടിട നിർമ്മാണം, കുടിവെള്ളം തുടങ്ങി വിവിധ പദ്ധതികളുടെ പ്രവൃത്തികളും പുരോഗതികളും ജില്ലാ വികസന സമിതി യോഗം വിലയിരുത്തി. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡുമായി ബന്ധപ്പെട്ടുള്ള മുഴുവൻ പ്രവൃത്തികളും ഒക്ടോബർ 31 നകം പൂർത്തീകരിക്കുമെന്നും അവശേഷിക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള നടപടികൾ ഉടൻ നടപ്പാക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. കക്കട്ടിൽ ടൗൺ നവീകരണ പ്രവൃത്തി പുരോഗമിച്ചു വരുന്നതായും നിലവിൽ ഫുട്പാത്തിൽ ഇന്റർലോക്ക് ടൈൽസ് വിരിക്കുന്ന പ്രവൃത്തി 300 മീറ്ററോളം പ്രവൃത്തി പൂർത്തിയായതായും ഉദ്യോഗസ്ഥർ അറിയിച്ചു.
കുമാരനല്ലൂർ മണ്ടാംകടവ് റോഡ് കോടതി നിർദ്ദേശിച്ച പ്രകാരം ഒക്ടോബർ 10 ന് ടെണ്ടർ തുറക്കുന്ന രീതിയിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട് . മാളിയേക്കൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പമ്പ് ഹൗസ് നിർമ്മാണം പൂർത്തീകരിക്കുകയും സീസേൺ നിർമ്മാണത്തിന് ആവശ്യമായ സ്ഥലം ലഭ്യമാവുകയുംചെയ്തിട്ടുണ്ട്. പാച്ചാക്കിൽ തോട് നവീകരണ പദ്ധതി നടപ്പിൽ വരുത്തുന്നതിനുള്ള സർവ്വെ സെപ്റ്റംബർ 26 ന് ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് ജില്ലയിലെ കൃഷിഭവനുകളിൽ ലഭിച്ച അപേക്ഷകളിൽ 676 അപേക്ഷകൾക്ക് റിപ്പോർട്ടു കൈമാറിയിട്ടുണ്ടെന്നും ബാക്കിയുള്ള 687 അപേക്ഷകളിന്മേൽ സ്ഥലപരിശോധന പൂർത്തിയാക്കിയിട്ടുണ്ടെന്നും ഒക്ടോബർ 30 ന് മുമ്പായി റിപ്പോർട്ട് സമർപ്പിക്കുമെന്നും
ഉദ്യോഗസ്ഥർ അറിയിച്ചു.
അംബേദ്ക്കർ ഗ്രാമം പദ്ധതിയിലുൾപ്പെട്ട കുമ്മട്ടിക്കുളം,എടുത്തുവച്ച കല്ല് പട്ടികജാതി കോളനികളിലെ കുടിവെള്ള പദ്ധതി പ്രവൃത്തി
ഡിസംബർ 31 നകം പൂർത്തീകരിക്കും. എടുത്തുവച്ച കല്ല് കോളനിയിലെ റോഡുകളുടെ പ്രവർത്തി പൂർത്തീകരിച്ചുവെന്നും രണ്ടു ഫുട്പാത്തുകളുടെ പ്രവർത്തി ആരംഭിച്ചതായും നിർമ്മിതി കേന്ദ്ര പ്രോജക്ട് മാനേജർ പറഞ്ഞു.ആധാർ കാർഡ് വോട്ടർ ഐ ഡി യുമായി ബന്ധിപ്പിക്കുന്നതിനായി ജില്ലയിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്ക്കുകൾ എല്ലാവരും പ്രയോജനപെടുത്തണമെന്നും കുടുംബാംഗങ്ങളെ കൂടി ഇതിൽ പങ്കാളികളാക്കണമെന്നും ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ ഹിമ യോഗത്തിൽ അഭ്യർത്ഥിച്ചു.
ജില്ലയിൽ 25 ലക്ഷത്തിൽ അധികം വരുന്ന സമ്മതിദായകർ സെപ്റ്റംബർ 30 നകം വോട്ടർ ഐ ഡിയുമായി ബന്ധിപ്പിക്കുന്ന യജ്ഞത്തിൽ പങ്കാളികളാകണം.കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് നടന്ന യോഗത്തിൽ എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, പി.ടി.എ റഹീം, എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ജില്ലാ പ്ലാനിങ് ഓഫീസർ ടി.ആർ മായ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.