വ്യക്തി ശുചിത്വം പോലെ തന്നെ പരിസര ശുചിത്വത്തിനും ശുചീകരണത്തിനും പ്രാധാന്യം കൊടുക്കണമെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ. ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി, ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച ശുചിത്വ യജ്ഞം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ആഗോളതാപനത്തിന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കാരണമായി. ഓരോരുത്തരും വീടും പരിസരവും വൃത്തിയാക്കിയാൽ പ്രകൃതിയും വെടിപ്പാകും. നാട് മാലിന്യക്കൂമ്പാരമായി മാറാതിരിക്കാൻ ഓരോരുത്തരും പ്രതിജ്ഞ എടുക്കണമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി. പി മുസാഫർ അഹമ്മദ്, സബ്കലക്ടർ വി. ചെത്സാസിനി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.സി മനോജ് തുടങ്ങിയവർ സംസാരിച്ചു. ഡി ടി പി സി സെക്രട്ടറി നിഖിൽ ദാസ് സ്വാഗതവും ടൂറിസം ജോയിന്റ് ഡയറക്ടർ ടി.ജി അഭിലാഷ് കുമാർ നന്ദിയും പറഞ്ഞു.
ജില്ലയിലെ വിവിധ കോളജുകളിലെ എൻഎസ്എസ് വോളണ്ടിയർമാർ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി.