ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് സരോവരം ബയോപാർക്കിൽ ഒരുക്കിയ നിറക്കൂട്ടുകൾ സന്ദർശകർക്ക് ദൃശ്യ വിരുന്നേകി. ഉരുളൻ കല്ലുകളിൽ ചായം പൂശിക്കൊണ്ട് വിവിധ ആശയങ്ങളും സന്ദേശങ്ങളും ഉൾകൊള്ളുന്ന ഗ്രാറ്റിറ്റുട് സ്റ്റോൺ മേക്കിങ് എന്ന പരിപാടി കാഴ്ചക്കാർക്ക് പുത്തൻ അനുഭവം നൽകി. ജെ ഡി ടി ഇസ്‍ലാം, ഗവ: വിമൻസ് ,കെ എം സി ടി , എ ഡബ്ല്യൂ എച്ച് എന്നീ പോളിടെക്‌നിക്‌ കോളേജുകളിലെ എൻ എസ് എസ് ടെക്നിക്കൽ സെൽ വിദ്യാർത്ഥികളാണ് ഇതിനു നേതൃത്വം നൽകിയത്.

ആഘോഷപരിപാടിയുടെ ഭാഗമായി എ ഡബ്ല്യൂ എച്ച് , ഗവ: വിമൻസ് എന്നീ പോളിടെക്‌നിക്‌ കോളജിലെ വിദ്യാർത്ഥികൾ ഫ്ലാഷ്മോബ് അവതരിപ്പിച്ചു. പ്ലാസ്റ്റിക് സൂചന ബോർഡുകൾക്കു വിടനൽകുക, പ്രകൃതിയോടിണങ്ങുന്നവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സരോവരം ബയോ പാർക്കിങ്ങിൽ ഉടനീളം ചായമുപയോഗിച്ചുകൊണ്ടുള്ള സൈനേജ് ബോർഡ് മേക്കിങ് ,ഫേസ് ആർട്ട് എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. ലോക ടൂറിസം ദിനത്തിൽ റീ തിങ്കിങ് ടൂറിസം എന്ന ആശയത്തിലൂന്നി ജില്ലാ ടൂറിസം പ്രൊമോഷണൽ കൗൺസിലും വിനോദ സഞ്ചാര വകുപ്പും എൻ എസ് എസ് ടെക്നിക്കൽ സെല്ലും സംയുക്തമായിട്ടാണ് സരോവരം ബയോ പാർക്കിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചത്.