നല്ല വായനാനുഭവങ്ങള്‍ മികച്ച വായനക്കാരെ സൃഷ്ടിക്കുമെന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്ന വായനകള്‍ പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിക്കുമെന്നും വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിക്കുന്ന പതിനെട്ടാമത് പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ എഴുത്തുകളും വായനക്കാരന് നല്‍കുന്നത് വീണ്ടും വായിക്കാനുള്ള പ്രചോദനമാണ്. ഉറക്കെയുള്ള വായനകള്‍ കാര്യങ്ങള്‍ എളുപ്പം ഗ്രഹിക്കുന്നതിനും ഉള്‍ക്കൊള്ളുന്നതിനും സഹായിക്കും. ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന ഇത്തരത്തിലുള്ള പുസ്തകോത്സവങ്ങള്‍ പുതിയ സാംസ്‌ക്കാരിക അനുഭവമാണ് സമ്മാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ഇ.എം.സ് സ്റ്റേഡിയത്തിലെ നാരായന്‍ നഗറില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ ദിനേശന്‍ അധ്യക്ഷത വഹിച്ചു. സമയം പബ്ലിക്കേഷന്റെ എസ്.എച്.എ മജീദ് രചിച്ച ‘ ജീവിതത്തിന്റെ സര്‍വകലാശാല ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. മന്ത്രിയില്‍ നിന്ന് ഡോ. കെ. ദിനേശന്‍ പുസ്തകം ഏറ്റുവാങ്ങി. പേരയ്ക്ക ബുക്‌സ് പ്രസിദ്ധീകരിച്ച സത്യനാഥന്‍ രാമനാട്ടുകരയുടെ ‘ആജീവനാന്തം’ പുസ്തകത്തിന്റെ പ്രകാശനം വേലായുധന്‍ പന്തീരാങ്കാവിന് നല്‍കികൊണ്ട് പി ആര്‍. നാഥന്‍
നിര്‍വഹിച്ചു.

ചടങ്ങില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍, എക്സിക്യൂട്ടീവ് അംഗം കെ. ചന്ദ്രന്‍ മാസ്റ്റര്‍, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളായ സി.കുഞ്ഞമ്മദ്, സി.സി ആന്‍ഡ്രൂസ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്‍. ശങ്കരന്‍ മാസ്റ്റര്‍, സെക്രട്ടറി കെ പി. സഹീര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍.ഉദയന്‍ മാസ്റ്റര്‍ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ജി.കെ വത്സല നന്ദിയും പറഞ്ഞു.

സപ്തംബര്‍ 27 മുതല്‍ 30 വരെ നാരായന്‍ നഗറിലാണ് പുസ്തകോത്സവം നടക്കുന്നത്. പുസ്തകോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശന മേളയില്‍ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ ഡിസ്കൗണ്ടില്‍ ലഭ്യമാണ്. മാധ്യമ സംവാദം, സെമിനാര്‍, കവിസമ്മേളനം, പുസ്തക പ്രകാശനങ്ങള്‍, വിവിധ കലാപരിപാടികള്‍ എന്നിവയും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നു.

ഇന്ത്യന്‍ മാധ്യമങ്ങള്‍- വെല്ലുവിളിയും ഭാവിയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മാധ്യമ സംവാദം ദേശാഭിമാനി പത്രാധിപര്‍ ഡോ. കെ.പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. സംവാദത്തില്‍ മാധ്യമ പ്രവര്‍ത്തകരായ എ.സജീവന്‍, പ്രേംചന്ദ് എന്നിവര്‍ പങ്കെടുത്തു. എ. ഗംഗാധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച മാധ്യമ സംവാദത്തില്‍ കെ. വി. രാജന്‍ സ്വാഗതവും എന്‍. ടി. ശിവരാജന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ബാലവേദിയുടെ കലാപരിപാടികള്‍ അരങ്ങേറി.