ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതി കുന്നംകുളം മണ്ഡലത്തിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കാര്യക്ഷമമായ ബോധവത്കരണം നടത്താൻ തീരുമാനം. എ സി മൊയ്തീൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന സംരംഭകത്വ വർഷം കുന്നംകുളം മണ്ഡലതല അവലോകന യോഗത്തിലാണ് തീരുമാനം.
വ്യവസായ സംരംഭം പ്രയോജനപ്പെടുത്താൻ പഞ്ചായത്ത് തലത്തിൽ ലഭ്യമായ വിഭവങ്ങൾ കണ്ടെത്തുന്നതിന് സ്റ്റാറ്റിസ്റ്റിക്സ് പഠനം നടത്തണമെന്നും എംഎൽഎ നിർദേശിച്ചു. സഹകരണ സ്ഥാപനങ്ങളുടെയും വ്യവസായ വകുപ്പിന്റെയും സഹായത്തോടെ വിഭവങ്ങളുടെ മാർക്കറ്റിങ്ങ് ഊർജിതമാക്കണം. അതിന് സമൂഹമാധ്യമങ്ങളെ പ്രയോജനപ്പെടുത്തണം. പഞ്ചായത്തുകളിലെ വൻകിട വ്യവസായ സംരംഭങ്ങളിലും ഇടപെടലുകൾ ആവശ്യമാണെന്നും എംഎൽഎ സൂചിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിലവിലെ വ്യവസായ സാധ്യതകൾ പരിശോധിച്ച് സംരംഭങ്ങൾ ആരംഭിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും എംഎൽഎ നിർദേശിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംരംഭം തുടങ്ങാനുള്ള തടസ്സങ്ങൾ മനസിലാക്കി അത് പരിഹരിക്കണം. ജനങ്ങൾക്ക് ആവശ്യമായ ബോധവത്കരണം നൽകണം. സമൂഹത്തിന് ഉപദ്രവകരമല്ലാത്ത മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട സംരംഭങ്ങൾ ആരംഭിക്കണമെന്നും മത്സ്യമേഖലയെ കൂടുതൽ പ്രയോജനപ്പെടുത്തണമെന്നും എംഎൽഎ നിർദ്ദേശിച്ചു.
നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാൽ, പഞ്ചായത്ത് പ്രസിഡന്റ്മാരായ അഡ്വ.കെ രാമകൃഷ്ണൻ, പി ഐ രാജേന്ദ്രൻ, ചിത്ര വിനോബാജി, ഇ എസ് രേഷ്മ, മീന സാജൻ, എസ് ബസന്ത്ലാൽ, ടി ആർ ഷോബി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എസ് കൃപകുമാർ, നഗരസഭ സെക്രട്ടറി വി എസ് സന്ദീപ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ബിഡിഒ, പഞ്ചായത്ത് സെക്രട്ടറിമാർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.