സമ്പൂര്‍ണ ശുചിത്വ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ജില്ലാശുചിത്വ കൗണ്‍സില്‍ രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് ജില്ലാ ശുചിത്വ കൗണ്‍സില്‍ രൂപീകരിച്ചത്. എഡിഎം ബി. രാധാകൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു തുടങ്ങിയവര്‍ നേരിട്ടും ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, പുറമറ്റം ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ ഓണ്‍ ലൈനായും പങ്കെടുത്തു.

ജില്ലയിലെ മന്ത്രി, ഡെപ്യൂട്ടി സ്പീക്കര്‍, എംഎല്‍എമാര്‍ എന്നിവര്‍ രക്ഷാധികാരികളായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാന്‍, ജില്ലാ കളക്ടര്‍ കോ-ചെയര്‍മാന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരുടെ ചേംബര്‍ പ്രതിനിധി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും ജില്ലാ പ്ലാനിംഗ് കമ്മറ്റി അംഗങ്ങള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ഡിഡിപി, എഡിസി ജനറല്‍, ഡിഎംഒ (ആരോഗ്യം ), എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍, ഡി പി സി അംഗങ്ങള്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍, കുടുംബശ്രീ ഡിഎംസി എന്നിവരും  അംഗങ്ങളായാണ് ജില്ലാശുചിത്വ കൗണ്‍സില്‍ രൂപീകരിച്ചത്. നവകേരള മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കണ്‍വീനറും, ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജോയന്റ് കണ്‍വീനറും,  നഗരസഭ ചെയര്‍പേഴ്‌സണ്‍മാരും ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളുമാണ്.

സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി  ജില്ലയിലെ നഗര, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്. എല്ലാവരും പ്രത്യേക പ്രോജക്ടുകളാണ് തയാറാക്കിയിട്ടുള്ളത്. എന്നാല്‍, വിശദമായ വിവരശേഖരണം നടത്തി പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ മാത്രമേ സമ്പൂര്‍ണ ശുചിത്വ പദ്ധതി പൂര്‍ണമാവുകയുള്ളു. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ നടക്കുന്ന വിവരശേരണ സര്‍വേ ജില്ലാതല ശുചിത്വ കൗണ്‍സില്‍ പരിശോധിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ വിവരശേഖരണം പൂര്‍ത്തിയാക്കും.  ശുചിത്വ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാ തല പരിശീലനവും നടത്തും. ഇതിനു പുറമേ, പുറമറ്റം ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിക്കും ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി.