അജൈവ മാലിന്യ ശേഖരണ രംഗത്ത് സ്മാര്‍ട്ടായി ഉപ്പുതറ ഗ്രാമപഞ്ചായത്ത്. സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് നിര്‍വ്വഹിച്ചു. ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ ഉപ്പുതറ പഞ്ചായത്തിലെ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ എത്രയെന്നും അവ എങ്ങനെ സംസ്‌കരിക്കുന്നുവെന്നുമുള്ള വിവരങ്ങള്‍ ഇനി മൊബൈല്‍ ഫോണിലൂടെ അറിയാന്‍ കഴിയും. സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ക്യൂആര്‍ കോഡിന്റെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിക്കുന്ന സംവിധാനമാണ് ഗ്രാമപഞ്ചായത്തില്‍ തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി പഞ്ചായത്തില്‍ ക്യൂ ആര്‍ കോഡുകള്‍ പതിക്കുന്ന പ്രക്രിയ ഉപ്പുതറ പോലീസ് സ്റ്റേഷനില്‍ നിന്നും ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ. ജേക്കബ് ആദ്യ ക്യുആര്‍ കോഡ് പതിച്ചു.

അജൈവ പാഴ് വസ്തു ശേഖരണ പ്രക്രിയ ഊര്‍ജ്ജിതമാക്കാനും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുമാണ് ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പ് പദ്ധതി നടപ്പിലാക്കിയത്. വാര്‍ഡുകളില്‍ ഓരോ വീട്ടില്‍ നിന്നും ശേഖരിച്ച ജൈവ അജൈവ പാഴ് വസ്തുക്കള്‍ എത്രയെന്നും, അവയുടെ സംസ്‌കരണം എങ്ങനെയെന്നുമടക്കമുള്ള വിശദാംശങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മനസിലാക്കാനും കൈകാര്യം ചെയ്യാനും സാധിക്കും. വീടുകളില്‍ എത്തുന്ന ഹരിത കര്‍മ്മ സേനാംഗങ്ങള്‍ അതത് വീടുകളില്‍ സ്ഥാപിച്ച ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വിവരങ്ങള്‍ ശേഖരിക്കും. ഹരിത കര്‍മ്മസേനാംഗങ്ങള്‍ എത്താത്ത വീടുകളും മാലിന്യം ശേഖരിക്കാത്ത വീടുകളും ഇതിലൂടെ കണ്ടെത്താനാകും. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പരാതികളും നിര്‍ദ്ദേശങ്ങളും അറിയിക്കാനും ഗുണഭോക്താക്കള്‍ക്ക് കഴിയും. ഓരോ സ്ഥലത്തു നിന്നും ശേഖരിച്ച പാഴ് വസ്തുക്കളുടെ അളവും അവ സംസ്‌കരിച്ചതിന്റെ കണക്കുകളും ആപ്പിലൂടെ കൃത്യമായി രേഖപ്പെടുത്തുന്നത് വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെട്ട സംസ്ഥാന, ജില്ലാതല സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും പാഴ് വസ്തു ശേഖരണ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയാന്‍ കഴിയും.