ഉപ്പുതറ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേനയുടെ രണ്ടാം വാര്‍ഷികം വാഴൂര്‍ സോമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ ഹാനികരമായി ബാധിക്കുന്ന മാലിന്യങ്ങളെ ഉറവിടത്തില്‍ തന്നെ ശേഖരിച്ച് തരം തിരിച്ച് സംസ്‌കരണ ഏജന്‍സികള്‍ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മസേന ഉപ്പുതറ ഗ്രാമപഞ്ചായത്തില്‍ സ്തുത്യര്‍ഹ സേവനമാണ് നിര്‍വഹിക്കുന്നത്. മാലിന്യസംസ്‌കരണ രംഗത്ത് വലിയ മാറ്റങ്ങളാണ് ഇതിനകം ഹരിതകര്‍മ്മ സേന സൃഷ്ടിച്ചത്. ഉപ്പുതറ ഗ്രാമ പഞ്ചായത്തില്‍ 18 വാര്‍ഡുകളിലായി 35 ഹരിതകര്‍മ സേന അംഗങ്ങളാണുള്ളത്. 2020 ഒക്ടോബര്‍ മാസം രണ്ടിനാണ് ഉപ്പുതറ ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മസേന പ്രവര്‍ത്തനം ആരംഭിച്ചത്. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാനത്തെ മികച്ച എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട അധ്യാപകന്‍ സജിന്‍ സ്‌കറിയയെയും ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ മികവ് പുലര്‍ത്തിയ കുട്ടികളെയും വാഴൂര്‍ സോമന്‍ എം.എല്‍.എ യോഗത്തില്‍ ആദരിച്ചു. കൂടാതെ ഹരിത കര്‍മ്മ സേന അംഗങ്ങളെയും മെമെന്റോ നല്‍കി ആദരിച്ചു.യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജോസഫ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് അറയ്ക്കപറമ്പില്‍, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ സത്യനാഥ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ റോസമ്മ ഫ്രാന്‍സിസ്, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ജസീര്‍ പി. വി., ഹരിത കര്‍മ്മസേന പ്രസിഡന്റ് അനിത ബിനു, സെക്രട്ടറി മഞ്ജു അനില്‍, പഞ്ചായത്തംഗങ്ങള്‍, ഹരിത കര്‍മ്മസേന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.