തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് പീരുമേട് നിയമസഭാ നിയോജക മണ്ഡലത്തില്‍ വാഴൂര്‍ സോമന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് ഓരോ നിയമസഭ മണ്ഡലത്തിലും എം.എല്‍.എ.മാരുടെയും നോഡല്‍ ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചുചേര്‍ത്തത്.

കട്ടപ്പന, അഴുത ബ്ലോക്കുകള്‍ക്ക് സംയുക്തമായി കെ ചപ്പാത്തില്‍ എ.ബി.സി. സെന്റര്‍ സ്ഥാപിക്കാനായിരുന്നു ആദ്യം തീരുമാനം. പ്രതിഷേധത്തെ തുടര്‍ന്ന് പ്രസ്തുത സ്ഥലത്ത് സെന്റര്‍ സ്ഥാപിക്കാന്‍ സാധിക്കാത്ത പക്ഷം കുമളി മൃഗാശുപത്രിക്ക് സമീപത്തെ സ്ഥലത്ത് പുതിയ കെട്ടിടം സ്ഥാപിക്കുകയോ അല്ലെങ്കില്‍ ചെങ്കരയില്‍ ഒഴിഞ്ഞു കിടക്കുന്ന ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ എ.ബി.സി. സെന്റര്‍ ആരംഭിക്കുകയോ ചെയ്യാനാണ് തീരുമാനം. പുതിയ കെട്ടിടം പണിയുന്നതിന്റെ കാലതാമസവും ഭീമമായ ചെലവും പരിഗണിച്ച് നിലവിലുള്ള കെട്ടിടം തെരഞ്ഞെടുക്കുന്നതാണ് ഉചിതമെന്നാണ് പൊതുവായി ഉയര്‍ന്ന അഭിപ്രായം. ചെങ്കരയിലെ ജില്ലാ പഞ്ചായത്തിന്റെ കെട്ടിടം സന്ദര്‍ശിക്കാന്‍ എം.എല്‍.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പീരുമേട് പഴയ പാമ്പനാറിലെ ഗ്രാമപഞ്ചായത്ത് കെട്ടിടം, വണ്ടിപ്പെരിയാര്‍ ഡൈമുക്കില്‍ പകല്‍വീടിനായി പണിത കെട്ടിടം എന്നിവയും സന്ദര്‍ശിക്കാന്‍ നിര്‍ദേശം നല്‍കി.

ഉദ്യോഗസ്ഥരുടെ അപര്യാപ്തത ബന്ധപ്പെട്ട ജനപ്രതിനിധികള്‍ ചൂണ്ടികാട്ടി. മൃഗഡോക്ടര്‍മാരുടെയും ലൈഫവ് സ്റ്റോക് ഇന്‍സ്പെക്ടര്‍മാരുടെയും അഭാവം പ്രവര്‍ത്തനനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ജനപ്രതിനിധികള്‍ അറിയിച്ചു. ഡോക്ടര്‍മാരുടെയും ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെയും സേവനം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മൃഗസംരക്ഷണ വകുപ്പിന് നിര്‍ദേശം നല്‍കുമെന്ന് എം.എല്‍.എ വ്യക്തമാക്കി.
ഡോഗ് ക്യാച്ചേഴ്സിനുള്ള പരിശീലനത്തില്‍ ചില പഞ്ചായത്തുകളില്‍ നിന്നും ആരും പങ്കെടുത്തിരുന്നില്ല. ഇവര്‍ക്കായി ഒരിക്കല്‍ കൂടി വാഗമണ്ണില്‍ പരിശീലനം നടത്താന്‍ തീരുമാനിച്ചു. പരിശീലനത്തിന് ശേഷം ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഡോഗ് ക്യാച്ചേഴ്സിന് വാക്സിന്‍ എടുക്കാന്‍ കഴിയും. എ.ബി.സി സെന്ററുകളില്‍ എന്ത് പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ലൈഫ് സ്റ്റോക് മാനേജ്മെന്റ് ട്രെയിനിങ് സെന്റര്‍ അസി. ഡയറക്ടര്‍ ഡോ.ആശ കുമാരി വിശദീകരിച്ചു.

അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം. നൗഷാദ്, ഡെപ്യൂട്ടി കളക്ടര്‍ എല്‍ എ മൂന്നാര്‍ ദീപ കെ. പി., പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.