മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി സംസ്ഥാന പോലീസ് നടപ്പിലാക്കുന്ന യോദ്ധാവ് പദ്ധതിയുടെ ഭാഗമായി ശാന്തന്‍പാറ ഗ്രാമപഞ്ചായത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പോലീസ്, എക്‌സൈസ് കുടുംബശ്രീ, സി. ഡി. എസ്. എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഏകദിന കാമ്പയിന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ശ്യാമള ബാലന്‍ അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, ടാക്‌സി ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത സെമിനാറില്‍ ഉടുമ്പന്‍ചോല എക്‌സൈസ് പ്രിവന്റ്‌റീവ് ഓഫീസര്‍ അബ്ദുള്‍ സലാം ക്ലാസ് നയിച്ചു. പൊതുസമൂഹത്തെയും യുവതലമുറയെയും മദ്യം, മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുക, ലഹരിക്ക് അടിമപ്പെട്ടവരെ മോചിപ്പിക്കുക, കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങിയ ലഹരവസ്തുക്കളുടെ വില്‍പനയ്ക്കും ഉപയോഗത്തിനും തടയിടുക തുടങ്ങിയവയാണ് യോദ്ധാവ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മനോജ് കുമാര്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ.അതുല്യ രവീന്ദ്രന്‍, പോലീസ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറി ടി. എം റംഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.