ഗുരുവായൂർ മണ്ഡലത്തിൽ സംരംഭക വർഷം പദ്ധതി വഴി ഒരു വർഷം ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അവാർഡ് നൽകുന്നു. എൻ കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ഒരു വർഷം ഒരു ലക്ഷം സംരംഭക പദ്ധതിയുടെ മണ്ഡലതല അവലോകന യോഗത്തിലാണ് തീരുമാനം. സംരംഭങ്ങൾ ആരംഭിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കിടയിൽ വിപുലമായ ക്യാമ്പയിൻ നടത്തും. സ്വകാര്യ വ്യക്തികളെ ഉൾക്കൊളളിച്ച് സംരംഭങ്ങൾ ആരംഭിക്കാൻ വേണ്ട നടപടി സ്വീകരിക്കണം.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന കോളേജുകളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് എം എൽ എ അഭിപ്രായപ്പെട്ടു. നവസംരംഭങ്ങൾ ആരംഭിക്കുന്നതിനായി പ്രത്യേക ഡ്രൈവ് നടത്തും. ഗുരുവായൂർ മണ്ഡലത്തിൽ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വ്യക്തികളെ കണ്ടെത്തി പദ്ധതിയുടെ ഭാഗമാക്കാൻ കഴിയണം. പഞ്ചായത്ത് തലത്തിൽ കുടുംബശ്രീ അംഗങ്ങൾ, ജനപ്രതിനിധികൾ, വ്യവസായികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി യോഗം ചേരണമെന്നും സംരംഭങ്ങൾ ആരംഭിക്കാൻ മുന്നോട്ട് വരുന്നവർക്ക് പ്രോത്സാഹനം നൽകണമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. നവംബറിൽ ഇത് സംബന്ധിച്ച് അവലോകന യോഗം ചേരാനും തീരുമാനിച്ചു.

ചാവക്കാട് നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ മുസ്ത്താക്കലി , പഞ്ചായത്ത് പ്രസിഡന്റുമാരായ ടി വി സുരേന്ദ്രൻ, സുശീല സോമൻ , ജാസ്മിൻ ഷെഹീർ ,വിസി ഷാഹിബാൻ , ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൃപ കുമാർ, ചാവക്കാട് ഉപജില്ല വ്യവസായ ഓഫീസർ എൻ വി ജെറിൻസ്, ചാവക്കാട് വ്യവസായ വികസന ഓഫീസർ നവ്യ രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.