എളവള്ളി ഗ്രാമപഞ്ചായത്തിൽ തെരുവുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. 16 വാർഡുകളിലും തെരുവുനായകളുടെ സങ്കേതങ്ങൾ കണ്ടെത്തി വല ഉപയോഗിച്ച് തെരുവുനായകളെ പിടികൂടി കുത്തിവെപ്പ് നൽകി. പ്രത്യേകം പരിശീലനം ലഭിച്ച സംഘത്തിൻ്റെ നേതൃത്വത്തിലാണ് കുത്തിവെപ്പ്.
മൃഗസംരക്ഷണ വകുപ്പ് നൽകുന്ന വാക്സിൻ വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിലാണ് കുത്തിവെക്കുന്നത്. കുത്തിവച്ച നായകളുടെ പുറത്ത് കളർ അടിച്ചു തുറന്നുവിടും. ഒരു വർഷമാണ് വാക്സിൻ്റെ കാലാവധി. ഒരാഴ്ചക്കുള്ളിൽ ഗ്രാമപഞ്ചായത്തിലെ എല്ലാ തെരുവുനായകൾക്കും വാക്സിൻ നൽകാൻ കഴിയുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
എളവള്ളി വെറ്ററിനറി ഡിസ്പെൻസറി സർജൻ ഡോ. സി ബി അജിത്ത് കുമാർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പി എസ് സജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കുത്തിവെപ്പ് നടത്തുന്നത്. പ്രതിരോധകുത്തിവെപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് ഉദ്ഘാടനം ചെയ്തു.