മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളുടേയും സംയുക്ത പരിശോധനയില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങലില്‍ നിന്നായി 154 കിലോ നിരോധിച്ച പ്ലാസ്റ്റിക്ക് പിടിച്ചെടുത്തു. പ്ലാസ്റ്റിക്ക് ക്യാരി ബാഗ്, പ്ലാസ്റ്റിക്ക് കോട്ടഡ് പേപ്പര്‍ പ്ലേറ്റുകള്‍ – കപ്പുകള്‍, സ്‌റ്റൈറോ ഫോം പ്ലേറ്റ്, നോണ്‍ വൂവണ്‍ ബാഗ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. മാനന്തവാടി നഗരസഭ, വൈത്തിരി, കാവുമന്ദം, നെന്‍മേനി, പുല്‍പ്പള്ളി, പൊഴുതന, തരിയോട്, കോട്ടത്തറ, നൂല്‍പുഴ പഞ്ചായത്തുകളിലെ വിവിധ സ്ഥാപനങ്ങ ളിലാണ് പരിശോധന നടത്തിയത്. നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

നിയമ ലംഘനം നടത്തുന്ന നിര്‍മ്മാതാക്കള്‍, മൊത്തവിതരണക്കാര്‍, ചെറുകിട വില്‍പ്പനക്കാര്‍, വ്യാപാരികള്‍ എന്നിവര്‍ക്ക് 10000 രൂപയാണ് ആദ്യ പിഴ. രണ്ടാമതും നിയമ ലംഘനം നടത്തിയാല്‍ 25000 രൂപയും അതിനു ശേഷം 50000 രൂപയും പിഴ ഈടാക്കുകയും സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുകയും ചെയ്യും. നിരോധിച്ച പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വരും ദിവസങ്ങളില്‍ കര്‍ശ്ശന പരിശോധന തുടരുമെന്ന്് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസര്‍ അറിയിച്ചു.