സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ഒക്ടോ. 2ന്

കാലപ്പഴക്കം ചെന്ന പുന്നയൂർക്കുളത്തെ ചെറായി അങ്കണവാടിക്ക് പുതുജന്മമേകി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്. കുരുന്നുകൾക്ക് കളിച്ചുല്ലസിക്കാനും പഠിച്ച് രസിക്കാനുമായി ആധുനിക സൗകര്യങ്ങൾ ഒരുക്കിയാണ് പഞ്ചായത്ത് അങ്കണവാടി പുതുക്കിപ്പണിതത്. റർബ്ബൺ മിഷൻ ഫണ്ടിൽ നിന്നും 18.20 ലക്ഷം രൂപ വിനിയോഗിച്ചാണ് മനോഹരവും വിശാലവുമായ സ്മാർട്ട് അങ്കണവാടി തയ്യാറാക്കിയിട്ടുള്ളത്.

നിലവിലുള്ള അങ്കണവാടി എന്ന സങ്കല്പംതന്നെ തിരുത്തിക്കുറിക്കുന്ന സവിശേഷതകളോടെയാണ് മൂന്നാം വാർഡിലെ പതിനേഴാം നമ്പർ സ്മാർട്ട് അങ്കണവാടി ഒരുക്കിയത്. കുട്ടികളുടെ സമഗ്രമായ ശാരീരിക മാനസിക വികാസം ഉറപ്പുവരുത്തുംവിധമാണ് സ്മാര്‍ട്ട് അങ്കണവാടിയുടെ രൂപകല്‍പ്പനയും പ്രവര്‍ത്തനവും സാധ്യമാക്കിയിട്ടുള്ളത്. 2.5സെന്റ് സ്ഥലത്ത് ഇരുനിലകളിലായാണ് അങ്കണവാടി കെട്ടിടം. ശിശുസൗഹൃദവും വിശാലവുമായ ക്ലാസ്സ് റൂം, അകത്തും പുറത്തും കളിക്കാനുള്ള സ്ഥലം, വീണ് പരിക്കേൽക്കാതിരിക്കാൻ പ്രത്യേക മാറ്റ്, ആധുനിക അടുക്കള, ഭക്ഷണം കഴിക്കാനുള്ള പ്രത്യേക ഇടം, ശിശുസൗഹൃദ ടോയ്ലറ്റ്, ചുറ്റുമതിൽ തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചുവരുകളിൽ കുട്ടികളുടെ പ്രിയപ്പെട്ട കാട്ടിലെ കണ്ണനും ഡോറാ ഭുജിയുമടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങൾ പുതിയ അനുഭവം സമ്മാനിക്കും. കളിക്കാൻ പുത്തൻ കളിപ്പാട്ടങ്ങളും സ്മാർട്ട് ടിവിയും ഉണ്ട്.

1990ലാണ് സ്വന്തമായ ഓടിട്ട കെട്ടിടത്തിൽ ചെറായി അങ്കണവാടി പ്രവർത്തനം ആരംഭിച്ചത്. കാലപ്പഴക്കംമൂലം പുതുക്കി പണിയാൻ തീരുമാനിക്കുകയായിരുന്നു. പുതുക്കിയ അങ്കണവാടി ഒക്ടോബർ 2ന് വൈകീട്ട് 3.30ന് എൻ കെ അക്ബർ എംഎൽഎ കുരുന്നുകൾക്ക് തുറന്ന് നൽകും. കുട്ടികളുടെ പ്രിയപ്പെട്ട സിനിമാതാരമായ അജയ് കുമാർ (ഗിന്നസ് പക്രു) ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. പഞ്ചായത്ത് പ്രസിഡൻറ് ജാസ്മിൻ ഷഹീർ അധ്യക്ഷത വഹിക്കും.

പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിനെ ശിശുസൗഹൃദ പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നാല് സ്മാർട്ട് അങ്കണവാടികൾ ഇതിനോടകം കുരുന്നുകൾക്ക് തുറന്നു നൽകി. പഞ്ചായത്തിലെ മറ്റ് അങ്കണവാടികളും സ്മാർട്ടാക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്ന് പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻറ് ജാസ്മിൻ ഷെഹീർ പറഞ്ഞു.