ജില്ലാ മെഡിക്കൽ ഓഫീസും ആരോഗ്യ കേരളവും സംയുക്തമായി സംഘടിപ്പിച്ച ലോക പേവിഷബാധ പ്രതിരോധ ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡൻ്റ് വിനീത മോഹൻദാസ് നിർവഹിച്ചു. പൊതുജനങ്ങളിൽ പ്രത്യേകിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലുടനീളം വിവിധ പരിപാടികളാണ് പേവിഷബാധ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ളത്.

പെരിഞ്ഞനം ആർ എം വി എച്ച് എസ് സ്‌കൂളിൽ നടന്ന പേവിഷബാധ ദിനാചരണ പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി പി ശ്രീദേവി വിഷയാവതരണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. യു ആർ രാഹുൽ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഡോ. കെയ്ത്ത് ഷീൽഡ് ബോധവൽക്കരണ ക്ലാസ് നയിച്ചു. പേവിഷബാധ പ്രതിരോധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി കലാമണ്ഡലം സുരേഷ് കാളിയത്ത് ഓട്ടൻതുള്ളൽ അവതരിപ്പിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഹേമലത രാജ്‌കുട്ടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ഡിഎംഒ ഡോ. ടി കെ അനൂപ്, അസിസ്റ്റൻ്റ് പ്രോജക്ട് ഓഫീസർ ഡോ. ടി എ ബാബുരാജ്, ജില്ലാ നഴ്‌സിംഗ് ഓഫീസർ വി എൻ ഇന്ദിര, വാർഡ് മെമ്പർ ഉണ്ണികൃഷ്ണൻ, സ്‌കൂൾ പ്രിൻസിപ്പാൾ ഡോ. ആർ അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.