നക്ഷത്രവനമൊരുക്കി കേച്ചേരി പുഴയെ മനോഹരവും സുരക്ഷിതവുമാക്കുകയാണ് ചൂണ്ടൽ ഗ്രാമപഞ്ചായത്ത്. പുനർജ്ജനി കേച്ചേരി പുഴ സംരക്ഷണം രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായാണ് നക്ഷത്രവനം ഒരുക്കുന്നത്. പാറന്നൂർ ചിറ മുതൽ കൂമ്പുഴ പാലം വരെയുള്ള ഒരേക്കർ സ്ഥലത്താണ് രണ്ടാംഘട്ട പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഇതിൽ വരുന്ന 12 സെന്റ് സ്ഥലത്താണ് വ്യത്യസ്തങ്ങളായ വൃക്ഷത്തൈകൾ നട്ട് നക്ഷത്ര വനമൊരുക്കുന്നത്. ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെട്ട പ്രദേശം കൂടിയാണിത്.

കാഞ്ഞിരം, നെല്ലി, അത്തി, ഇത്തി, അരയാൽ, ഞാവൽ, കരിങ്ങാലി, അമ്പഴം, കൂവളം, ഇലഞ്ഞി, നീർമരുത് എന്നിങ്ങനെ 20 തരം വൃക്ഷത്തൈകളാണ് വെച്ചുപിടിപ്പിക്കുന്നത്. ആടലോടകം, കുറുന്തോട്ടി എന്നീ ഔഷധസസ്യങ്ങളുടെ തോട്ടവും തയ്യാറാക്കുന്നുണ്ട്. പ്രകൃതിരമണീയമായ കാഴ്ച സമ്മാനിക്കുന്നതിനായി പലനിറത്തിലുള്ള മുളകളും വെച്ചുപിടിപ്പിക്കും. 1860 തൊഴിൽ ദിനങ്ങളിലായി പദ്ധതി പൂർത്തീകരിക്കും. 60 തൊഴിലുറപ്പ് തൊഴിലാളികളാണ് പദ്ധതിക്ക് വേണ്ടി പ്രവർത്തിക്കുന്നത്.

ചൂണ്ടൽ ഗ്രാമപഞ്ചായത്തും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും കേരള കാർഷിക സർവ്വകലാശാല കോളേജ് ഓഫ് ഫോറസ്ട്രിയും സംയുക്തമായാണ് പുനർജനി കേച്ചേരി പുഴ സംരക്ഷണം രണ്ടാംഘട്ട പദ്ധതിക്ക് നേതൃത്വം നൽകുന്നത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് ഫണ്ടിൽ നിന്നും 11 ലക്ഷം രൂപയാണ് പദ്ധതിക്ക് വിനിയോഗിക്കുന്നത്. അഞ്ച് ലക്ഷം രൂപ നക്ഷത്രവനം ഒരുക്കുന്നതിനും ആറ് ലക്ഷം രൂപ കയർ ഭൂവസ്ത്രം ഒരുക്കുന്നതിനുമാണ് വിനിയോഗിക്കുക. സ്ഥലത്ത് വെള്ളം കുറയുന്ന മുറയ്ക്ക് കയർ ഭൂവസ്ത്രം ഒരുക്കുന്ന പ്രവൃത്തി നടപ്പാക്കും. കേരള കാർഷിക സർവ്വകലാശാല കോളേജ് ഓഫ് ഫോറസ്ട്രിയിലെ 29 എൻഎസ്എസ് വിദ്യാർത്ഥികളും പദ്ധതിയുടെ ഭാഗമാകുന്നുണ്ട്.

കേച്ചേരി പുഴയുടെ ഇരുവശവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുഴയുടെ കയ്യേറ്റ പ്രദേശങ്ങൾ മൂന്നുവർഷം മുൻപേ അളന്ന് തിട്ടപ്പെടുത്തിയിരുന്നു. പുഴയുടെ മനോഹാരിത വർദ്ധിപ്പിച്ച് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ ശലഭോദ്യാനം നിർമ്മാണം, ആരോഗ്യപരിപാലനത്തിന്റെ ഭാഗമായി നടപ്പാത നിർമ്മാണം, ജൈവ വേലി നിർമ്മാണം എന്നിവയാണ് പുനർജ്ജനി കേച്ചേരി പുഴ സംരക്ഷണം രണ്ടാംഘട്ട പദ്ധതി വിഭാവനം ചെയ്യുന്നത്.