സ്വന്തമായി റേഷന്‍ കാര്‍ഡ് ഇല്ലാത്തതിലുള്ള വിഷമത്തിലായിരുന്നു നെന്‍മേനി അമ്പലക്കുന്ന് കോളനിയില്‍ അമ്മിണി. നെന്‍മേനി എ.ബി.സി.ഡി ക്യാമ്പ് അമ്മിണിയുടെ പരാതിക്ക് പരിഹാരം കണ്ടെത്തി. ക്യാമ്പിലൂടെ അമ്മിണിക്കും ലഭിച്ചു സ്വന്തമായി റേഷന്‍ കാര്‍ഡ്. ഭര്‍ത്താവ് മരിച്ചതുമുതല്‍ അമ്മിണി മക്കളുടെ സഹായത്തോടെയാണ് ജീവിക്കുന്നത്. സ്വന്തമായി റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട പല ആനുകൂല്യങ്ങളും അമ്മിണിക്ക് ലഭിച്ചിരുന്നില്ല. ട്രൈബല്‍ പ്രമോട്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് അമ്മിണി ക്യാമ്പിലെത്തിയത്. രാവിലെ തന്നെ ക്യാമ്പിലെത്തിയ അമ്മിണി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മിയില്‍ നിന്നും റേഷന്‍ കാര്‍ഡ് ഏറ്റുവാങ്ങി. തന്റെ ആഗ്രഹം സഫലീകരിച്ചതിന്റെ സന്തോഷം അധികൃതരെ അറിയിച്ചാണ് അമ്മിണി ക്യാമ്പില്‍ നിന്നും മടങ്ങിയത്.
