അഴുത ബ്ലോക്ക് പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്ക് മുച്ചക്രവഹനം വിതരണം ചെയ്തു. ബ്ലോക്കിന് കീഴിലെ ആറ് പഞ്ചായത്തുകളിലെ അർഹരായ 13 ഗുണഭോക്താക്കൾക്കാണ് വാഹനം നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടത്തിയ വിതരണ ഉദ്ഘാടനം വാഴൂർ സോമൻ എം എൽ എ നിർവ്വഹിച്ചു. ഭിന്നശേഷിക്കാരായ ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തുക എന്ന ലക്ഷ്യത്തോടെ അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ 2021 – 22 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി 12,60,987 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. വാഹനം നൽകിയതിനൊപ്പം ഇതിന്റെ ഉപയോഗക്രമവും വിശദീകരിച്ചു നൽകി. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശെൽവത്തായി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജോഷി ജോസഫ്, ശിശു വികസന ഓഫീസർ സുമ ബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.