ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രചാരണാര്‍ത്ഥം, പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാജാഥ, തെരുവുനാടകം, പപ്പറ്റ് ഷോ എന്നിവ സംഘടിപ്പിച്ചു. എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുന്ന എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ജല്‍ ജീവന്‍ മിഷന്‍. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും ഗുണഭോക്താക്കളുടെയും പങ്കാളിത്തത്തോടെയാണ് എല്ലാ ഭവനങ്ങളിലും ശുദ്ധജലം ഉറപ്പ് വരുത്തുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയെപ്പറ്റി പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ നടത്തിയ കലാജാഥ പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് ഡൊമിനാ സജി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിലെ നിര്‍വഹണ സഹായ ഏജന്‍സിയായ രാജീവ് യൂത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് കലാജാഥ സംഘടിപ്പിച്ചത്. കണയങ്കവല്‍, പെരുവന്താനം ടൗണ്‍, പാലൂര്‍ക്കാവ്, സെന്റ് ആന്റണീസ് കോളേജ്, പെരുവന്താനം ഗ്രാമപഞ്ചായത്ത്, മുപ്പത്തഞ്ചാം മൈല്‍ എന്നിവിടങ്ങളില്‍ തെരുവ്‌നാടകം, കലാജാഥ, പാവ നാടകം എന്നിവ നടത്തി. പെരുവന്താനം ടൗണില്‍ കലാജാഥ എത്തിയപ്പോള്‍ പെരുവന്താനം ദേശീയ വായനശാലയുടെ നേതൃത്വത്തില്‍ കലാകാരന്മാര്‍ക്ക് സ്വീകരണം നല്‍കി.

വാര്‍ഡ് മെമ്പര്‍മാരായ മേരിക്കുട്ടി ബിനോയി, എബിന്‍ കുഴിവേലി എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. ജല്‍ ജീവന്‍ മിഷന്‍ കോര്‍ഡിനേറ്റര്‍ ആല്‍ബിന്‍ ജെയിംസ് ജോസഫ്, സാഗി പദ്ധതി കോര്‍ഡിനേറ്റര്‍ സുഹൈല്‍, യൂത്ത് കോര്‍ഡിനേറ്റര്‍ മനു വേഴമ്പത്തോട്ടം എന്നിവര്‍ കലാജാഥക്ക് നേതൃത്വം നല്‍കി.