തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ പോസ്റ്റര്‍ പ്രചാരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ് കാവാലം സെക്രട്ടറി വി.ജി ജയന് നല്‍കി നിര്‍വഹിച്ചു. പ്രായഭേദമെന്യേ ഏവരിലും കലാഭിരുചി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി സൗജന്യ കലാ പരിശീലനം ഒരുക്കിയിരിക്കുന്നത്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ മുടിയേറ്റും മുടിയേറ്റിന്റെ പ്രാരംഭഘട്ടമായി ചെണ്ടമേളവുമാണ് അഭ്യസിപ്പിക്കുന്നത്. സാംസ്‌കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ മുടിയേറ്റ് കലാകാരന്‍ മിഥുന്‍ ഷാജിയാണ് കലാധ്യാപകന്‍. മിഥുന്‍ ഷാജിക്കുള്ള സാംസ്‌കാരിക വകുപ്പിന്റെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ബ്ലോക്ക് പ്രസിഡന്റ് ട്രീസ ജോസ് കാവാലം നിര്‍വഹിച്ചു. ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് ജില്ലാ കോഡിനേറ്റര്‍ എസ്.സൂര്യലാല്‍, കലാ അധ്യാപകരായ ഹരിത കലാമണ്ഡലം, ടി.ആര്‍ സൂര്യദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുടിയേറ്റ്, ചെണ്ടമേളം എന്നിവയില്‍ സൗജന്യ കലാപരിശീലനം ആഗ്രഹിക്കുന്നവര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.സൂര്യലാല്‍ അറിയിച്ചു.
